Skip to main content

മാലിന്യം തള്ളിയതിന് പത്തു പേർക്കെതിരെ കേസ്

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു. ചേരാനല്ലൂർ, ഏലൂർ, എറണാകുളം സൗത്ത്, ഫോർട്ടുകൊച്ചി, കണ്ണമാലി, പാലാരിവട്ടം, തൃക്കാക്കര സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് താഴെ മാലിന്യം തള്ളിയതിന് അരുവിക്കര ആഷിഖ് മ൯സിലിൽ എച്ച്.എസ്. അജിംഷാ (21) യ്ക്കെതിരെ ചേരാനല്ലൂർ പൊലീസും കണ്ടെയ്നർ റോഡിൽ ആനവാതിലിന് സമീപം മലിന ദ്രാവകം ഒഴുക്കിയതിന് മട്ടാഞ്ചേരി പൊലീസ് ലെയിനിൽ എം.എസ്. ഷംനാസി (35) നെതിരെ ഏലൂർ പൊലീസും കേസെടുത്തു.

കടവന്ത്ര ജംഗ്ഷനിൽ സുജോയ് സ്റ്റോഴ്സിന് സമീപം മാലിന്യം കൂട്ടിയിട്ടതിന് തൃശൂർ മുകുന്ദപുരം കല്ലൂർ തെക്കുംമുറിയിൽ തോട്ടത്തിൽ വീട്ടിൽ ടി.കെ. ഗിരിജനെ (60) പ്രതിയാക്കി എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൽവത്തി റോഡിന് സമീപം മാലിന്യം തള്ളിയതിന് പള്ളുരുത്തി കച്ചേരിപ്പടി കളത്തിൽപറമ്പിൽ കെ.എസ്. സിറാജി(35)നും, കുന്നുംപുറം പംപ്കി൯ റസ്റ്റോറന്റിന് സമീപം മാലിന്യം തള്ളിയതിന് തിരിച്ചറിയാനാവാത്തയാൾക്കുമെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.

പള്ളുരുത്തി കാട്ടിപ്പറമ്പ് ഗവ. ആയുർവേദാശുപത്രിക്ക് സമീപം മാലിന്യം തള്ളിയതിന് തേരത്ത് വീട്ടിൽ സിറിൾ (58), കുരിശിങ്കൽ ആന്റണി ആൽബി (54) എന്നിവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. പാലാരിവട്ടം സെന്റ് മാർട്ടി൯ പള്ളിക്ക് സമീപം ബുഹാരി ജ്യൂസ് ഷോപ്പിന് മുന്നിൽ മാലിന്യം കൂട്ടിവച്ചതിന് ഷോപ്പ് ഉടമയ്ക്കെതിരെയും പൈപ്പ് ലൈ൯ ജംഗ്ഷനിൽ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളിയതിന് അഞ്ചൽ താഴമേൽ ലക്ഷ്മി ശ്രീ ഹൗസിൽ ആശിഷ് ജെ. കുമാറി (19) നെതിരെയും പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പടമുകൾ ആപ്പിൾ ഹെറ്റ്സ് പാർപ്പിട സമുച്ചയത്തിൽ നിന്നും മലിനജല പ്ലാന്റ് പ്രവർത്തിപ്പിക്കാതെ പൊതുകാനയിലേക്ക് മലിനജലം ഒഴുക്കിയതിന് പാർപ്പിട അസോസിയേഷ൯ പ്രസിഡന്റ് ശ്രീപ്രകാശ് (40), സെക്രട്ടറി സനിത് സെബാസ്റ്റ്യ൯ (35), കെയർടേക്കർ ഫാസിൽ (35) എന്നിവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.

date