Skip to main content

സിവില്‍ സ്റ്റേഷനില്‍ വന്നാല്‍ ഇനി കറങ്ങണ്ട; ഓഫീസ് കണ്ടെത്താന്‍ ആപ്പുമായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍

കോട്ടയം: നിരവധി ഓഫീസുകളുള്ള കോട്ടയം സിവില്‍ സ്റ്റേഷനിലെത്തിയാല്‍ ഓഫീസ് അന്വേഷിച്ച് ഇനി കറങ്ങി നടക്കേണ്ട. സിവില്‍ സ്റ്റേഷനിലെത്തിയാല്‍ ഓഫീസ് കണ്ടു പിടിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ് കോട്ടയം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍. ഓഫീസ് ഫൈന്‍ഡര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പില്‍ സിവില്‍ സ്റ്റേഷനിലെ മൂന്ന് നിലകളിലെയും ഓഫീസ് മാപ്പ് സഹിതമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഫീസ് മുറികള്‍, ടോയ്ലറ്റുകള്‍, കോണിപ്പടികള്‍, ലിഫ്റ്റ്, വരാന്ത എന്നിവ എളുപ്പത്തില്‍ മനസിലാക്കാനാകുംവിധം പ്രത്യേകം നിറങ്ങളിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിലെ മാപ്പില്‍ എസ്.ബി.ഐ. ബാങ്ക്, എ.ടി.എം, കാന്റീന്‍, എന്നിവയുമുള്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന ആപ്പില്‍ ആദ്യം വരിക മുഴുവന്‍ ഓഫീസുകളുടെയും പട്ടികയാണ്. ഈ പട്ടികയ്ക്ക് മുകളിലെ സെര്‍ച്ച് ബാറില്‍ നമുക്ക് പോകേണ്ട ഓഫീസ് സെര്‍ച്ച് ചെയ്യാം. അപ്പോള്‍  ഓഫീസിന്റെ പേരും ഓഫീസ് ഏത് നിലയിലാണെന്നും ഓഫീസിന്റെ റൂം നമ്പറും അറിയാനാകും. തുടര്‍ന്ന് ഓഫീസിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ആ നിലയിലെ ഓഫീസുകളുടെ മാപ്പും അന്വേഷിക്കുന്ന ഓഫീസും കാണാനാകും. മാപ്പിന് സമീപത്തെ വേര്‍ ആം ഐ ഓപ്ഷന്‍ കൂടി നോക്കിയാല്‍ നമ്മള്‍ ആ ഓഫീസുമായി എത്ര അകലത്തില്‍ നില്‍ക്കുന്നു എന്നതും അറിയാം.

മാപ്പ് 10 മടങ്ങ് വരെ സൂം ചെയ്ത് കാണാന്‍ സാധിക്കും വിധമാണ് ആപ്പ് നിര്‍മിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു ഓഫീസില്‍ ക്ലിക്ക് ചെയ്താല്‍ ഓഫീസിന്റെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ലഭിക്കും. ഭാവിയില്‍ മറ്റ് ഓഫീസ് സമുച്ചയങ്ങളും ഈ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇന്ന് (മേയ് 30 ) രാവിലെ ഒമ്പതിന് സഹകരണ - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ആപ്ലിക്കേഷന്റെ പ്രകാശനം നിര്‍വഹിക്കും.https://play.google.com/store/apps/details?id=in.nic.office_finder20 എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

date