Skip to main content
.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഇ സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

 

* ജില്ലാ സ്റ്റാമ്പ് ഡിപ്പോ മന്ദിരം നെടുങ്കണ്ടത്ത് ഉദ്ഘാടനം  ചെയ്തു

     സംസ്ഥാനത്ത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളോടും കൂടി സമ്പൂര്‍ണ്ണ ഇ സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നെടുങ്കണ്ടത്ത് ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ലൈസന്‍സുള്ള വെണ്ടര്‍മാരെ സര്‍ക്കാര്‍ കൈവിടില്ലെന്നും ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ വിതരണം ചെയ്യാനുള്ള അനുവാദം സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭരണസംവിധാനത്തില്‍ വലിയതോതിലുള്ള മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രഷറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇ ഫയല്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആധുനികവും നൂതനവുമായ സംവിധാനങ്ങള്‍ ഉപയോഗിച്ച്  വേഗതയേറിയതും സുതാര്യവുമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നെടുങ്കണ്ടത്ത് നടന്ന സ്റ്റാമ്പ് ഡിപ്പോ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നാട മുറിക്കല്‍ കര്‍മ്മത്തിന് ശേഷം നെടുങ്കണ്ടം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ഇടുക്കി ജില്ലാ സ്റ്റാമ്പ് ഡിപ്പോക്ക് സ്വന്തം മന്ദിരം എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി 2.27 കോടി മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നെടുങ്കണ്ടം സബ് ട്രഷറി കോമ്പൗണ്ടില്‍ നിര്‍മ്മിച്ച ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്‍കല്‍ ആണ് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. ഐ എസ് ഒ സര്‍ട്ടിഫിക്കേഷന് അനുസൃതമായ സെക്യൂരിറ്റി സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. ഇടുക്കി ജില്ലാ ട്രഷറിക്കും 8 സബ് ട്രഷറികള്‍ക്കും ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പരിധിയിലുള്ള രണ്ട് വെണ്ടര്‍മാര്‍ക്കും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും ഇവിടെനിന്ന് വിതരണം ചെയ്യും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വനജകുമാരി, വിജയകുമാരി എസ് ബാബു, ഗ്രാമപഞ്ചായത്തംഗം ബിന്ദു സഹദേവന്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി സാജന്‍, ദക്ഷിണ മേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി ബിജുമോന്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ ബിജു, രാഷ്ട്രീയ, സാമൂഹ്യ പാര്‍ട്ടി നേതാക്കളായ വി സി അനില്‍, സിബി മൂലേപറമ്പില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, ടി എസ് യൂനുസ്, എം എസ് ഷാജി, സനില്‍കുമാര്‍ മംഗലശ്ശേരില്‍, എം എന്‍ ഗോപി, ടി എം ജോണ്‍, കെ എം തോമസ്, ഷിജു ഉള്ളിരുപ്പില്‍, ജീവന്‍ലാല്‍ ഗോവിന്ദ്, പി എന്‍ വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Video link - https://we.tl/t-j26w5ngGRB 

date