Skip to main content

കരുതലും കൈത്താങ്ങും; നാടിന് ആശ്വാസമായി പരാതി പരിഹാരം

*ഒരു വേദിയില്‍ മൂന്ന് മന്ത്രിമാര്‍

*1324 ഓണ്‍ലൈന്‍ പരാതികള്‍

*324 നേരിട്ടുള്ള പരാതികള്‍

*782 പരാതികളില്‍ തത്സമയ പരിഹാരം

*ശേഷിക്കുന്ന പരാതികളില്‍ ഒരുമാസത്തിനകം പരിഹാരം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്ത് പരാതി പരിഹാരത്തിനുള്ള വേറിട്ട വേദിയായി. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസങ്ങളിലായി താലൂക്ക് തല അദാലത്തുകള്‍ നടന്നത്. ഒരു മാസം മുമ്പേ അദാലത്തിലേക്ക് ഓണ്‍ലൈന്‍ വഴിയും താലൂക്ക് കേന്ദ്രങ്ങള്‍ വഴിയും അദാലത്തിലേക്കുള്ള പരാതികള്‍ മൂന്‍കൂട്ടി സ്വീകരിച്ചിരുന്നു. അദാലത്ത് വേദിയില്‍ നേരിട്ടും പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും നല്‍കാനുള്ള അവസരങ്ങളും ഒരുക്കിയിരുന്നു. ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ നിന്നായി 1324 പരാതികളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്. 324 പരാതികള്‍ നേരിട്ടും ലഭിച്ചു. 1648 പരാതികളില്‍ 782 പരാതികള്‍ തത്സമയം പരിഹരിച്ചു. 261 പരാതികള്‍ അദാലത്തിന് പരിഗണിക്കപ്പെടേണ്ട വിഷയത്തിന് പുറത്തായതിനാല്‍ നിരസിച്ചു. നേരിട്ടുള്ള പരാതികളില്‍ തത്സമയ പരിഹാരത്തിന് തടസ്സമുള്ള പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കും. റേഷന്‍കാര്‍ഡുകള്‍ തരം മാറ്റല്‍, റവന്യു, വനസംബന്ധമായ പരാതികള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി 27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. പട്ടയം, ലൈഫ് മിഷന്‍ തുടങ്ങിയ പരാതികള്‍ അദാലത്തില്‍ പരിഗണിച്ചിരുന്നില്ല. ഇത്തരത്തില്‍ അദാലത്തില്‍ വന്ന പ്രത്യേക കേസുകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി. മാനന്തവടിയില്‍ നടന്ന മൂന്നാം ദിന അദാലത്തില്‍ 428 പരാതികളാണ് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി ലഭിച്ചത്. ഇതില്‍ 108 പരാതികള്‍ അദാലത്ത് പരിഗണന വിഷയത്തില്‍പ്പെടാത്തതിനാല്‍ ആദ്യഘട്ടത്തില്‍ നിരസിച്ചു. 230 പരാതികള്‍ അദാലത്ത് പരിഗണിച്ചു. 90 പരാതികളില്‍ തത്സമയ പരിഹാരവും ശേഷിക്കുന്ന പരാതികളില്‍ അന്വേഷണവിധേയമായ തീരുമാനവുമുണ്ടാകും. നേരിട്ടുള്ള 69 പുതിയ പരാതികള്‍ ലഭിച്ചതില്‍ നേരിട്ട് പരിഹരിക്കാന്‍ കഴിയാത്തതില്‍ ഒരുമാസത്തിനകം പരിഹാരമുണ്ടാകും.  
ജനകീയമായി അദാലത്ത്;
കൈകള്‍ കോര്‍ത്ത് വകുപ്പുകള്‍

മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന കൈകള്‍ കോര്‍ത്ത് കരുത്തോടെ അദാലത്ത് വിവിധ വകുപ്പുകള്‍ കൈകള്‍ കോര്‍ത്ത് പരാതി പരിഹാരം എളുപ്പമാക്കി. ഒരു വേദിയില്‍ തന്നെ വിവിധ വകുപ്പുകള്‍ ചേര്‍ന്നെടുക്കേണ്ട തീരുമാനങ്ങള്‍ വേഗതയില്‍ മുന്നേറിയപ്പോള്‍ കെട്ടഴിഞ്ഞത് നൂലാമാലകളുടെ ചുവപ്പുനാടകളായിരുന്നു. ഇതര വകുപ്പുകളുമായി ചേര്‍ന്ന തീരുമാനമെടുക്കേണ്ട പരാതികളില്‍ അദാലത്ത് വേദിയില്‍ നിന്നു തന്നെ പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ അദാലത്ത് വേദികളിലെല്ലാം വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. എല്ലാവിധ പരാതികള്‍ക്കും താമസമില്ലാതെ പരിഹാരം കാണാനുളള പരിശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായപ്പോള്‍ അദാലത്തിലെത്തിയവര്‍ക്കും കാത്തിരുന്നു വലയാതെ പരാതി പരിഹാരത്തിനുള്ള അവസരമായി. റേഷന്‍ കാര്‍ഡ് തരം മാറ്റല്‍ തുടങ്ങിയ അപേക്ഷകളില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ നിന്നു തന്നെ പ്രിന്റ് ചെയ്ത് നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ തുടങ്ങിയവര്‍ അദാലത്തിലെ പ്രത്യേക സേവന കൗണ്ടറുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. വിവിധ വകുപ്പ് ജീവനക്കാര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ അദാലത്തില്‍ കര്‍മ്മനിരതരായി. വളണ്ടിയറായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

 

പത്ത് ലക്ഷം ധനസഹായം;
അവ്വ ഉമ്മയ്ക്ക് ഇനി പുതിയജീവിതം

ജീവിതത്തിന് മീതെ 2018 ലെ പ്രളയം വന്നുമൂടിയകാലം. അഞ്ചു സെന്റ് സ്ഥലത്ത് ആകെയുണ്ടായിരുന്ന വീടും മണ്ണിടിഞ്ഞ് വീണ് വാസയോഗ്യമല്ലാതായി. അന്നുമുതല്‍ വരയാല്‍ കല്ലടയിലെ അവ്വ ഉമ്മയും മകനും മരുമകളും പേരക്കുട്ടികളുമടങ്ങുന്ന കൂടുംബം വാടക വീട്ടിലായിരുന്നു താമസം. പ്രളയ പുനരധിവാസത്തിനായി അപേക്ഷകളുമായി ഓഫീസുകളിലെല്ലാം കയറിയിറങ്ങി. സാങ്കേതികത്വത്തില്‍പ്പെട്ട് അവ്വ ഉമ്മയുടെ പുനരധിവാസവും നീണ്ടുപോയി, ഇതിനിടെയിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് വരുന്നതറിഞ്ഞത്. വിവരങ്ങളെല്ലാം ചേര്‍ത്ത് അപേക്ഷ നല്‍കി. അദാലത്തില്‍ പരിഗണനയ്ക്ക് വന്ന അപേക്ഷകള്‍ അധികൃതര്‍ പരിശോധിച്ചു. മാനന്തവാടി താലൂക്ക് തല അദാലത്തില്‍ ഉദ്ഘാടന ചടങ്ങില്‍ ആദ്യം തന്നെ പരിഗണിക്കപ്പെട്ട അപേക്ഷയും അവ്വ ഉമ്മയുടെതായി. പുനരധിവാസ ധനസഹായമായി പത്ത് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് അവ്വ ഉമ്മയ്ക്കായി നല്‍കുമ്പോള്‍ ഈ കുടുംബത്തോടുള്ള സര്‍ക്കാരിന്റെ വലിയ കരുതലായി. അറുപത് വയസ്സ് പിന്നിട്ട അവ്വ ഉമ്മ ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ അസീസിനൊപ്പമാണ് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലെത്തിയത്. ഇത്രയും വിലിയ തുക ഇവര്‍ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതല്ല. വൈകിയാണെങ്കിലും പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ഈ തുക ഉപകാരപ്പെടുത്തണം. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ നിന്നും മാറി ഇനി ഒരു സ്ഥലവും വീടും വേണം. പ്രളയക്കെടുതിയില്‍ നിന്നും പുനരധിവസിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അവ്വ ഉമ്മയും ഇനി പുതിയ ജീവിതകഥകള്‍ പറയും. നിറഞ്ഞ സന്തോഷത്തോടെയാണ് ഇവര്‍ മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.

നെല്‍കൃഷി മുടങ്ങില്ല;
പാടശേഖരത്തിലേക്ക് വഴിതുറക്കും

വെള്ളമുണ്ട പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നായ കാരക്കാമലയിലെ നെല്‍പ്പാടത്തേക്ക് ഇനി സൗകര്യപ്രദമായ വഴിയൊരുങ്ങും. ട്രാക്ടര്‍ തുടങ്ങിയ യന്ത്രങ്ങളൊന്നും വഴിയില്ലാത്തതിനാല്‍ പാടത്തേക്ക് ഇറക്കാന്‍ നിവൃത്തിയില്ല എന്ന പരാതിയുമായാണ് കാരക്കാമല പാടശേഖര സമിതി പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. പരാതി ശ്രദ്ധയോടെ കേട്ട കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ വഴിയൊരുക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. നിലവിലുള്ള മണ്ണ് റോഡ് വലിയ കയറ്റവും ഇറക്കവുമായതിനാല്‍ ഇതുവഴി വാഹനങ്ങള്‍ വയലിലേക്ക് ഇറക്കുന്നത് പ്രായോഗികമല്ല. പകരം റോഡ് കയറ്റം കുറച്ച് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് മന്ത്രി അധികൃതര്‍ക്ക് നല്‍കിയത്. 140 ഏക്കറോളം ആകെ വിസ്തൃതിയുള്ള പാടശേഖരത്തിന്റെ ഒരു കോണിലേക്ക് വാഹനങ്ങള്‍ ഇറക്കാന്‍ കഴിയില്ല എന്ന കാരണത്താല്‍ ഇനി ഇവിടെ കൃഷി മുടങ്ങില്ല. വ്യക്തിഗത പാരാതികള്‍ക്ക് പുറമെ നാടിന്റെ പൊതു ആവശ്യങ്ങള്‍ക്കും അദാലത്ത് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.

നൂലാമാലകളില്ല;
നരായണിയമ്മക്ക് വീട്ടുനമ്പര്‍

നാല് സെന്റ് സ്ഥലത്ത് ആകെയുള്ള താല്‍ക്കാലിക വീടിനും നമ്പറിലില്ലാത്തതിന്റെ ദുരിതത്തിലായിരുന്നു ശാന്തിനഗര്‍ കിഴ്യപ്പാട് നാരായണിയമ്മ. അദാലത്തിലെത്തിയ എഴുപത് പിന്നിട്ട നാരായണിയമ്മയ്ക്ക് ജീവിത സായാഹ്നത്തില്‍ ഈയൊരു അപേക്ഷയായിരുന്നു പരാതി പരിഹാരത്തിനായി മുന്നിലുണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹ്‌മാനോട് പറയാനുണ്ടായിരുന്നത്. വൈദ്യുതിയും റേഷന്‍കാര്‍ഡുമുണ്ട്. വീട്ടുനമ്പര്‍ മാത്രമില്ല. നാരായണിയ്മ്മയുടെ പാരാതി കേട്ട മന്ത്രി അധികൃതരെ വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരക്കി. തണ്ണീര്‍ത്തട നിയമ പരിധിയില്‍പ്പെട്ട ഭൂമിയിലാണ് ഷെഡ്ഡുള്ളതെന്നായിരുന്നു വിശദീകരണം. നാരായണിയമ്മയില്‍ നിന്നും അപേക്ഷ വാങ്ങി ഉടന്‍ വീട്ട് നമ്പര്‍ അനുവദിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്ലാതെ ഇനി ഇവര്‍ക്ക് വീട്ടനമ്പര്‍ ലഭിക്കും. പ്രായത്തിന്റെ അവശകതകളുമായി കഴിയുന്ന നാരായണിയമ്മയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ നിന്നും ലഭിച്ച ഈ ഉറപ്പിലാണ് ഇനി പ്രതീക്ഷകള്‍.

നിരവില്‍പ്പുഴയിലെ വന്യമൃഗശല്യം
പരിഹാരം കാണും

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മട്ടിലിയം, കരുവളം, കുഞ്ഞോം പ്രദേശങ്ങളിലെ രൂക്ഷമായി വരുന്ന വന്യമൃഗശല്യത്തിനെതിരെയുളള പരാതിയും കരുതലും കൈത്താങ്ങും അദാലത്തിന്റെ പരിഗണനയില്‍ വന്നു. നിരവില്‍പ്പുഴയിലെ എം. രോഹിത്താണ് വന്യമൃഗശല്യം മന്ത്രി വി. അബ്ദുറഹ്‌മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പരാതിയില്‍ വനംവകുപ്പ് അധികൃതരോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. വൈദ്യുതി കമ്പിവേലിയുടെയും പ്രതിരോധ സംവിധാനത്തിന്റെ പോരായ്മയാണ് അടിക്കടി പ്രദേശത്ത് കാട്ടാനകളടക്കം ഇറങ്ങുന്നതിന് കാരണമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് വനംവകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. മട്ടിലിയത്തും കരുവളത്തും കഴിഞ്ഞ മാസങ്ങളിലിറങ്ങിയ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. വന്യമൃശല്യത്തിനെ തുടര്‍ന്നുള്ള നഷ്ട പരിഹാരതുക ഉടന്‍ നല്‍കണമെന്ന ആവശ്യവും പരിഗണിക്കും.

 

തടസ്സങ്ങള്‍ നീങ്ങി;
കടകള്‍ക്ക് ലൈസന്‍സ് നല്‍കും

 വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതിന്റെ പേരില്‍ കടകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്നതിനെതിരെ പരാതിയുമായി വന്നവര്‍ക്ക് അദാലത്തില്‍ നിന്നും നീതി ലഭിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ കോറോം അങ്ങാടിയിലെ 9 കടയുടമകളാണ് പ്രശ്നപരിഹാരത്തിനായി കരുതലും കൈത്താങ്ങും അദാലത്തിനെ സമീപിച്ചത്. 2019 ലാണ് കോറോം ടൗണിലെ റോഡ് വികസനത്തിന്റെ ഭാഗമായി 9 കടകളുടെ ഉടമകള്‍ അവരുടെ കടകള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ദാനമായി സര്‍ക്കാരിന് വിട്ടുനല്‍കിയത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടകളുടെ മുന്‍ഭാഗം പൊളിച്ച് നീക്കുകയും ചെയ്തു. എന്നാല്‍ റോഡ് പണി പൂര്‍ത്തിയായ ശേഷം കട ഉടമകള്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു. പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ തയ്യാറായില്ല. ലൈസന്‍സ് ലഭിക്കാന്‍ കട ഉടമകള്‍ നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങി. ഒടുവില്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെയും തൊണ്ടാര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജിയുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാക്കി. തുടര്‍ന്നാണ് കട ഉടമകള്‍ മാനന്തവാടിയില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് മന്ത്രി എം.ബി രാജേഷിനെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചത്. പരാതി കേട്ട മന്ത്രി ഒരു മാസത്തിനുള്ളില്‍ കടകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരോട് സര്‍ക്കാര്‍ എന്നും കടപ്പെട്ടിരിക്കുമെന്നും ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുനന്മയ്ക്കായുള്ള കാര്യങ്ങളില്‍ അനാവശ്യ തടസ്സങ്ങള്‍ നല്ല പ്രവണതകളല്ലെന്നും മന്ത്രി പറഞ്ഞു.

കരുതലായി കളക്ടര്‍;
ആന്‍ തെരേസക്ക് ഇനിയും പഠിക്കാം

കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആന്‍ തെരേസ. ഈ സന്തേഷങ്ങള്‍ക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആന്‍ തെരേസക്ക് തുടര്‍ന്നുള്ള പ്രയാണത്തിന് ഒരു ഇലകട്രോണിക് വീല്‍ ചെയര്‍ വേണം. ഈയൊരു ആവശ്യവുമായാണ് കല്ലോടി വീട്ടിച്ചാല്‍ സ്വദേശിനി ആന്‍ തെരേസ അദാലത്തില്‍ എത്തിയത്. വീല്‍ചെയറിലാണ് ആന്‍ തെരേസയുടെ ജീവിതം മുന്നോട്ട് പോകുന്നത്. ബി.കോം ബിരുദം എടുക്കണമെന്നാണ് ആന്‍ തെരേസയുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഉള്ള വീല്‍ ചെയറുമായി പഠനം പൂര്‍ത്തിയാക്കാന്‍ ആന്‍ തെരേസക്ക് ബുദ്ധിമുട്ടുണ്ട്. വിവരമറിഞ്ഞപ്പോള്‍ കളക്ടര്‍ ഡോ. രേണു രാജ് അദാലത്ത് വേദിയില്‍ നിന്നും ഇറങ്ങി വന്ന് വീല്‍ ചെയറില്‍ ഇരിക്കുന്ന ആന്‍ തെരേസയുടെ അടുത്തെത്തി. വിവരങ്ങള്‍ തിരക്കി ആന്‍ തെരേസ തന്റെ ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ വാങ്ങുവാനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും എടവക ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ വീല്‍ ചെയര്‍ സ്വന്തമാക്കാമെന്നും കളക്ടര്‍ അറിയിച്ചു. കളക്ടറുടെ വാക്കുകള്‍ ആന്‍ തെരേസക്ക് നല്‍കിയത് പുതിയ പ്രതീക്ഷകളാണ്. ഒപ്പം നന്നായി പഠിക്കണമെന്ന കളക്ടറുടെ വാക്കുകളും ആന്‍ തെരേസക്ക് പ്രചോദനമായി മാറുകയായിരുന്നു.

 

 

date