Skip to main content

ഹരിതസഭ : തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ  ഭാഗമായി സംസ്ഥാനത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട്  തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിമാർക്ക് ബോധവത്ക്കരണ പരിപാടി നടത്തി   . ഓൺലൈനായി നടത്തിയ പരിപാടിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. എം. ഷഫീഖ് നേതൃത്വം നൽകി. 

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാർച്ച്‌ 15 മുതൽ ജൂൺ ഒന്ന് വരെ നടന്ന പ്രവർത്തനങ്ങളും അതിന്റെ ഭാഗമായി ഉണ്ടായ പുരോഗതി, മാറ്റങ്ങൾ, പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പ്രവർത്തനങ്ങൾ, പ്രതിസന്ധികളും തടസ്സങ്ങളും പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ ജനകീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഹരിതസഭയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ പ്രദേശത്തെ എല്ലാ വാർഡുകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ ഹരിതസഭാ പ്രതിനിധികളെ നിശ്ചയിക്കണമെന്ന് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.

ജൂൺ അഞ്ചിന് നടത്തുന്ന ഹരിതസഭയിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് അതുവരെ നടന്ന എല്ലാ  പ്രവർത്തനങ്ങളുടെയും സമഗ്രമായ റിപ്പോർട്ടും സമർപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.  ഹരിതസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട്‌ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിയും ഒപ്പും സീലും വച്ച് ജൂൺ എട്ടിനു മുൻപ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ശ്രീദേവി പകർച്ച വ്യാധികൾ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. വാർഡ് തലത്തിൽ സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ നടത്താനും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധഗുളികൾ ലഭ്യമാക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.

date