Skip to main content

മാലിന്യമുക്ത നവകേരളത്തിനായി ഒറ്റക്കെട്ടായി അണിചേരുക  - മന്ത്രി അഹമ്മദ് ദേവർകോവിൽ

 

മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ മുന്നേറ്റത്തിൽ ഒറ്റക്കെട്ടായി എല്ലാവരും അണിചേരണമെന്ന്  തുറമുഖം പുരാവസ്തു പുരാരേഖ   വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വളയം പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയായിരുന്നു 
മന്ത്രി. ഹരിതസഭയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഹരിതസഭകളിലൂടെ രണ്ട് ലക്ഷത്തോളം പേരിലേക്ക് നേരിട്ട് 
സന്ദേശം എത്തിക്കാനാകുമെന്നും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാനുള്ള  ജനകീയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മസേനയുടെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞെന്നും വാതിൽപ്പടി ശേഖരണ സേവനം 50 ശതമാനത്തിന് മുകളിൽ വീടുകളിലേക്ക് എത്തിക്കുന്നതിന് ക്യാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു.

എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മാമ്പഴക്കാലം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
പരിപാടിയോടനുബന്ധിച്ച് വളയം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നൽകി. പഞ്ചായത്ത് പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണനും ഹരിതകർമ്മ സേന പ്രവർത്തന റിപ്പോർട്ട് ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി ബീന വി കെയും അവതരിപ്പിച്ചു.
ഹരിതസഭയുടെ ഭാഗമായി വളയം സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സജീവൻ വി പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. 
സോഷ്യൽ ഓഡിറ്റ് ടീമിന് റിപ്പോർട്ട് കൈമാറുകയും ഹരിതകർമ്മ സേന പ്രവർത്തകരെ അനുമോദിക്കുകയും ചെയ്തു. 

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ, വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി നിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date