Skip to main content

കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഉദ്ഘാടന പരിപാടികള്‍ നടന്നു.

കെ-ഫോണ്‍ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം തല ഉദ്ഘാടനം സേവിയോ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. ജനകീയ ബദലുകളിലൂടെ ലോകത്തിനു മുന്നില്‍ മാതൃക സൃഷ്ടിച്ച കേരളം കെ-ഫോണ്‍ യാഥാർത്ഥ്യമാകുന്നതോടെ മറ്റൊരു വികസന കുതിപ്പിനു കൂടി സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാലാനുസൃതമായ വികസന അജണ്ടകളെയാണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്.  ഈ വികസന മുന്നേറ്റങ്ങളെല്ലാം വികസിത രാജ്യങ്ങളോടൊപ്പം നമ്മുടെ നാടിനെയും എത്തിക്കാനുള്ള പരിശ്രമങ്ങളാണെന്ന് തിരിച്ചറിയണമെന്നും സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍  പി.കെ നാസര്‍, കൗണ്‍സിലര്‍ സുരേഷ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സാബു ജോസഫ് എന്നിവര്‍ സംസാരിച്ചു. വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ എം.പി സ്വാഗതവും കൗണ്‍സിലര്‍ ഇ. എം സോമന്‍ നന്ദിയും പറഞ്ഞു.

കെ-ഫോണ്‍ ഏലത്തൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം കുരുവട്ടൂര്‍ എഫ് എച്ച് സി പരിസരത്ത് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഒരു വൈജ്ഞാനിക സമൂഹമാക്കി കേരള സമൂഹത്തെ മാറ്റിയെടുക്കലാണ് കെ ഫോണ്‍ പദ്ധതിയുടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതികവിദ്യയില്‍ ലോകം മുന്നോട്ടു പോകുന്നതിനനുസരിച്ച് നമ്മുടെ കേരളവും വളരേണ്ടതുണ്ട് എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ്  സര്‍വ്വ മേഖലകളിലും കേരളം മുന്നോട്ട് കുതിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള കെ ടി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവന്‍, കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ കെ പി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷീര്‍ പി പി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി എം ഫൈസല്‍ നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ മണ്ഡല തല ഉദ്ഘാടനം നല്ലളം ഹൈസ്‌കൂളില്‍ നടന്നു.  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി രാജന്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡല തല  ഉദ്ഘാടനം ജെ.ഡി.ടി ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. തോട്ടത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ രേഖ സി, കൗണ്‍സിലര്‍മാര്‍, ജില്ലാ കലക്ടര്‍ എ ഗീത, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഇന്‍ ചാര്‍ജ് വിനോദ് എ.എല്‍ എന്നിവര്‍ സംസാരിച്ചു.

ബാലുശ്ശേരി നിയോജക മണ്ഡലതല  ഉദ്ഘാടനം പൂവമ്പായി എ. എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കെ. എം സച്ചിന്‍ ദേവ് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ചടങ്ങില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. 

തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം കൊടിയത്തൂര്‍ ജി എം യു പി സ്‌കൂളില്‍ ലിന്റോ ജോസഫ് എംഎല്‍ എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. 

കുന്ദമംഗലം നിയോജക മണ്ഡലം പരിപാടി കുന്ദമംഗലം എച്ച് എസ് എസ് സ്‌കൂള്‍ ഹാളില്‍ നടന്നു. പി ടി എ റഹീം എംഎല്‍എ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവന്‍ അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി നിയോജക മണ്ഡലതല ഉദ്ഘാടനം ഗവ: ഐ.ടി. ഐ വരകുന്നില്‍ നടന്നു. കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ എ ഇന്ദിര, കെ ഷിജു, ഇ കെ അജിത്ത്, പ്രജില സി, നിജില പറവക്കൊടി, കൗണ്‍സിലര്‍ സിറാജ് വി എം, അഡ്വ. എസ് സുനില്‍ മോഹനന്‍ എന്നിവര്‍  സംസാരിച്ചു.

പേരാമ്പ്ര നിയോജകമണ്ഡലതല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, സി.കെ ഗിരീഷ്, എം എം സുഗതന്‍, കെ ടി രാജന്‍ എന്നിവര്‍ പങ്കെടുത്തു.  ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് സ്വാഗതം പറഞ്ഞു.  

കുറ്റ്യാടി നിയോജക മണ്ഡലം ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളില്‍  കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ സന്നിഹിതരായി. 

വടകര നിയോജക മണ്ഡലതല ഉദ്ഘാടനം ഏറാമല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം.എം വിമല, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍, ഏറാമല പഞ്ചായത്ത് അംഗം കെ.പി ബിന്ദു എന്നിവര്‍ സംബന്ധിച്ചു. 

നാദാപുരം നിയോജകമണ്ഡലതല ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നടന്നു.  ഇ.കെ വിജയന്‍ എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

date