Skip to main content

പരിസ്ഥിതി- വയോജന സംരക്ഷണ കാമ്പയിന്‍ ആരംഭിച്ചു

 ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'തണലേകിയവര്‍ക്ക് തണലാകാം' പരിസ്ഥിതി- വയോജന സംരക്ഷണ കാമ്പയിന് തുടക്കമായി. സബ് കളക്ടര്‍ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനമായ ജൂണ്‍ 15 വരെ ജില്ലയിലെ വയോജന മന്ദിരങ്ങളില്‍ വൃക്ഷ തൈ നടീല്‍, വയോജനങ്ങളുടെ പരിപാലനം, പരിസര ശുചീകരണം, വിനോദ- കലാ പരിപാടികള്‍ എന്നിവ നടത്തും. സമീപത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ഇവ നടത്തുന്നത്.

പുന്നപ്ര സെന്റ് ജോസഫ് പുവര്‍ ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ല സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ജോര്‍ജ് ജോഷ്വ, അറവുകാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍. ബിന്ദു, സെന്റ് ജോസഫ് പുവര്‍ ഹോം ഡയറക്ടര്‍ ഫാ.അനില്‍ കരിപ്പിങ്ങാപ്പുറം, എസ്.സി. സലീഷ് കുമാര്‍, മഹേഷ് ഷേണായി, പി. പ്രദീപ് കുമാര്‍, യു. അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനം ശേഷം അറവുകാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 30 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സെന്റ് ജോസഫ് പുവര്‍ ഹോമില്‍ വൃക്ഷ തൈകള്‍ നടുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യതു. 21 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 34 ക്ഷേമ സ്ഥാപനങ്ങളും കാമ്പയിനില്‍ പങ്കാളികളാകും. 

date