Skip to main content

വിമുക്തി മാതൃക പകർത്താൻ ബിഹാർ, ഉദ്യോഗസ്ഥസംഘം കേരളം സന്ദർശിച്ചു

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘വിമുക്തി’യെക്കുറിച്ച് പഠിക്കാൻ കേരളം സന്ദർശിച്ച് ബിഹാർ സർക്കാരിന്റെ പ്രത്യേക സംഘം. ‘ നോ ടു ഡ്രഗ്‌സ് ’ മുദ്രാവാക്യമുയർത്തി കേരളം നടത്തുന്ന വിപുലമായ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാനാണ് ബിഹാർ സർക്കാരിന്റെ ഔദ്യോഗിക സംഘമെത്തിയത്. കെമിക്കൽ എക്‌സാമിനർ സുബോധ് കുമാർ യാദവ് തലവനും രാജ് പാണ്ഡേ, അഭിനവ് ആശേഷ് എന്നിവർ അംഗങ്ങളായുള്ള സംഘം രണ്ട് ദിവസം വിമുക്തി പ്രവർത്തനങ്ങൾ മനസിലാക്കാനായി ചെലവഴിച്ചു. സംഘം എക്‌സൈസ് ആസ്ഥാനത്തെത്തി അഡീഷണൽ എക്‌സൈസ് കമ്മീഷണർ രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഗോപകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലഹരിക്കെതിരെ കേരളം നടത്തുന്ന വിപുലമായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. നോ ടു ഡ്രഗ്‌സ് മുദ്രാവാക്യമുയർത്തി നടത്തിയ ജനകീയ ക്യാമ്പയിൻ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. വിമുക്തി മാതൃകയിൽ ബിഹാറിലും വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാകുമെന്നും സംഘം അഭിപ്രായപ്പെട്ടു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ജില്ലാ ഡീ അഡിക്ഷൻ സെന്റർ സംഘം സന്ദർശിച്ചു. ആദിവാസി മേഖലയിലെ വിമുക്തി പ്രവർത്തനങ്ങൾ മനസിലാക്കാൻ പൊടിയക്കാല പ്രദേശത്തെ പഠന മുറിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംഘം പങ്കെടുത്തു. കുട്ടികളും മാതാപിതാക്കളും അടക്കമുള്ളവരോട് സംവദിച്ചു. കുട്ടികൾക്കായി ക്യാരംസ് ബോർഡ്, ബാഡ്മിന്റൺ ബാറ്റുകൾ എന്നിവ സമ്മാനിച്ചു. താഴേത്തട്ടിലുള്ള വിമുക്തി പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സംഘം പറഞ്ഞു. കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ആസ്ഥാനം സന്ദർശിച്ച് സാമ്പിളുകളുടെ പരിശോധന, ലാബിന്റെ പ്രവർത്തനം എന്നിവയും സംഘം മനസിലാക്കി.

പി.എൻ.എക്‌സ്. 2608/2023

date