Skip to main content

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേർന്നു 

 

കാലവര്‍ഷാരംഭത്തിലുണ്ടായ മഴയില്‍  ജില്ലയില്‍ പലസ്ഥലങ്ങളിലും  വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിരയോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തു. വെള്ളക്കെട്ടിന് കാരണമായ തടസ്സങ്ങള്‍ നീക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കലക്ടർ നിര്‍ദ്ദേശം നല്‍കി.  

കൊയിലാണ്ടി- എടവണ്ണ റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണാൻ കലക്ടർ നിര്‍ദ്ദേശം നല്‍കി. കാപ്പാട് - തുഷാരഗിരി റോഡില്‍ നരിക്കുനി വില്ലേജ് ഓഫീസിന് മുമ്പില്‍ ഡ്രൈനേജ് ഇല്ലാത്തത് കാരണമുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ സക്ഷന്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കേണ്ടതാണെന്നും കലക്ടർ പറഞ്ഞു. 

ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടയാനുള്ള നടപടി ഈയാഴ്ച തന്നെ സ്വീകരിക്കണമെന്ന് സെക്രട്ടറിക്ക് നിർദേശം നൽകി. പന്തീരങ്കാവ് പ്രദേശത്തെ വെള്ളപ്പൊക്കത്തിനിടയാക്കുന്ന മാമ്പുഴയിലെ ബണ്ട് നീക്കം ചെയ്ത്  തടസ്സമൊഴിവാക്കാന്‍ രണ്ടു ദിവസത്തിനകം നടപടി സ്വീകരിക്കാനും നിർദേശിച്ചു. കൂടാതെ മൂരാട് പാലത്തിനായി നിര്‍മ്മിച്ച ബണ്ട് കൃത്യമായി നിരീക്ഷിക്കേണ്ടതും ആവശ്യമെങ്കില്‍ പൊളിച്ചു നീക്കേണ്ടതുമാണെന്നും കലക്ടർ നിർദേശിച്ചു. മഴക്കാല മുന്നൊരുക്കത്തിന്റെ  ഭാഗമായി പലപ്പോഴായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും യോ​ഗത്തിൽ തീരുമാനിച്ചു.

date