Skip to main content
പൂത്തൂർ കായൽ ഡി പി ആർ പ്രകാശനം മന്ത്രി കെ രാജൻ നിർഹിക്കുന്നു

നവീന പുത്തൂരിനു ഇനി നാളുകൾ മാത്രം

- കായൽ ടൂറിസത്തിനുള്ള ഡിപിആർ തയ്യാറായി

- 32 കോടിയുടെ പ്രോജക്ട് നടപ്പിലാകുന്നതോടെ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി

പുത്തൂർ കായൽ രാജ്യാന്തര ശ്രദ്ധയിൽ എത്തിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കായലിന് ശ്രദ്ധേയ മാറ്റം ഉണ്ടാക്കി കായലിനൊപ്പം സ്വാഭാവിക കാനനവും സൃഷ്ടിച്ചുകൊണ്ട് പുത്തൂരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പുത്തൂർ കായൽ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. 32 കോടി രൂപ ചിലവഴിച്ചു കൊണ്ടാണ് കായൽ ടൂറിസ്റ്റ് സ്പോട്ടാക്കി മാറ്റുന്നത്.

പുത്തൂർ സുവോളജിക്കൽ പാർക്ക്, കായൽ, തീർത്ഥാടന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രമായി മാറുന്ന സുകുമാർ അഴീക്കോടിൻ്റെ ഭവനം തുടങ്ങിയ ഇടങ്ങളെല്ലാം ചേർത്ത് പുത്തൂരിനെ ടൂറിസ്റ്റ് വില്ലേജ് ആക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമവിശുദ്ധിയോടെ പുത്തൂരിനെ മാറ്റണം. പ്രാദേശിക ജനതയുടെ പുരോഗതിയും ഈ മാറ്റങ്ങളോടൊപ്പം ഉണ്ടാവണമെന്നതും അടിസ്ഥാന ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജില്ലാ വികസന സമിതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതലയോഗം തിരുവനന്തപുരത്ത് വച്ച് ജൂലൈ അവസാനത്തോടുകൂടി നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. തുടർന്ന് പ്രധാന വ്യക്തിത്വങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശികമായും യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ മാസ്റ്ററിന് ഡിപിആർ കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. തുടർന്ന് തൃശ്ശൂർ എൻജിനീയറിങ് കോളേജ് തയ്യാറാക്കിയ നവീകരിച്ച കായൽ പ്രസന്റേഷനും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ വിശിഷ്ടാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി, കെ എഫ് ആർ ഐ പ്രതിനിധി ശ്യാം സുന്ദർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ട് അശ്വതി കെ സി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പി എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നളിനി വിശ്വംഭരൻ, സജിത്ത് പി എസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date