Skip to main content
കാലവർഷത്തെ നേരിടുന്നതിനുള്ള ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്‌ട്രേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു.

കാലവർഷത്തെ നേരിടാൻ വകുപ്പുകൾ സുസജ്ജമായിരിക്കണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കാലവർഷത്തെ നേരിടാൻ ജില്ലയിലെ വകുപ്പുകൾ സുസജ്ജമായിരിക്കണമെന്നും വാർഡ്തലത്തിൽ വരെയുള്ള മുന്നൊരുക്ക യോഗങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്‌ട്രേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽക്കണ്ടുവേണം തയാറെടുപ്പുകൾ നടത്തേണ്ടത് എന്നു മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണിടിച്ചിലും നീരൊഴുക്കു കൂടുതൽ ഉള്ള സ്ഥലങ്ങളും എക്കൽ കൂടുതലായി അടിയുന്ന പ്രദേശങ്ങളും കണ്ടെത്തി അപകടങ്ങൾ കുറയ്ക്കാനുള്ള തയാറെടുപ്പുകൾ വേണമെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങൾ നടപ്പാക്കണം. താലൂക്ക് മുതൽ വില്ലേജ് തലം വരെ പ്രതിരോധപ്രവർത്തനങ്ങൾ എത്തണം. യുദ്ധകാലടിസ്ഥാനത്തിൽ തന്നെ പദ്ധതികൾ നടപ്പാക്കി വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ നടപടികൾക്കും സജ്ജമാകണം. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ക്യാമ്പുകൾ വേണ്ടിവരുന്ന പ്രദേശങ്ങളിൽ ഏതൊക്കെ ക്യാമ്പുകളാക്കാമെന്ന് മുൻകൂട്ടി തീരുമാനിക്കണം. കുട്ടനാട്ടിലെ വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് വേണ്ടിവന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതിന് ടിപ്പർ ലോറികളുടെ സഹകരണം ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടാനും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കാനും ഡോക്ടർമാരും ആംബുലൻസും അടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കണം. കാലവർഷത്തെ നേരിടാൻ സർക്കാർ തലത്തിൽ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ജെ.സി.ബി., ഹിറ്റാച്ചി, ക്രെയിൻ, മരം മുറിയ്ക്കുവേണ്ടിയുള്ള സാധനങ്ങൾ, വോളണ്ടിയർമാർ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് എന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലയിലെ തഹസീൽദാർമാർ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ പ്രകാരമുള്ള അനുമതിക്ക് കാക്കേണ്ടെന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നോട്ടീസ് നൽകണമെന്നും മുറിച്ചുമാറ്റിയില്ലെങ്കിൽ മരം മുറിച്ചുനീക്കിയശേഷം ഉടമകളിൽ നിന്ന് പണം ഈടാക്കണമെന്നും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അറിയിച്ചു. എല്ലാ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറക്കണം. അടിയന്തരഘട്ടങ്ങളിൽ ലഭ്യമാക്കേണ്ട വാഹനങ്ങളുടെ പട്ടിക കൺട്രോൾ റൂമിൽ ലഭ്യമായിരിക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ക്യാമ്പ് മാനേജ്‌മെന്റ് സംവിധാനം ഒരുക്കണമെന്നും ജോയിന്റ് ഡറയക്ടർ അറിയിച്ചു.
വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ അടക്കമുള്ളവ ജില്ലയിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ആറുകൾക്കും തോടുകൾക്കും സമീപം ആളുകൾ സെൽഫിയെടുത്തും മറ്റും അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ബോധവൽക്കരണം നടപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർഥിച്ചു.
മഴക്കാലരോഗങ്ങളെ നേരിടാനായി ജൂൺ ആദ്യവാരം തന്നെ പ്രത്യേകക്യാമ്പുകൾ തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ അറിയിച്ചു. എലിപ്പനി, ഡെങ്കു പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബ്്‌ളീച്ചിംഗ് പൗഡറിന് ദൗർലഭ്യം നേരിട്ടാൽ പരിഹരിക്കാൻ ലോക്കൽ പർച്ചേസിന് അനുമതി നൽകിട്ടിയിട്ടുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു. ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറുന്നവരുടെ കന്നുകാലികളെ പരിചരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് നിർദേശമുയർന്നു. ജില്ലയിലെ 90 ശതമാനം റോഡുകളിലും അറ്റകുറ്റപണിക്ക് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.    

യോഗത്തിൽ സി.കെ. ആശ എം.എൽ.എ. ഓൺലൈനായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ്, ആർ.ഡി.ഒ.മാരായ പി.ജി. രാജേന്ദ്രബാബു, വിനോദ് രാജ്, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, എ.ഡി.സി. ജനറൽ ജി. അനീസ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, മേജർ ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എ. മിനിമോൾ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ.പി. സാജു വർഗീസ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

 

date