Skip to main content

പരിസ്ഥിതി സംരക്ഷണത്തിലൂടെ വികസനം സാധ്യമാക്കി മാണിക്കൽ പഞ്ചായത്ത്

പരിസ്ഥിതിയും പ്രകൃതി സംരക്ഷണവുമെല്ലാം ചർച്ചയാകുന്ന ഈ കാലത്ത് പ്രകൃതിയെ ഒപ്പം നിർത്തി വിജയഗാഥ തീർക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തി, നടപ്പാക്കുക വഴി നാടിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന് പുതിയ മാതൃക തീർക്കുകയാണ് മാണിക്കൽ പഞ്ചായത്ത്.

വെമ്പായം, പിരപ്പൻകോട് പ്രദേശങ്ങൾ ഉൾപ്പെടുന്ന മാണിക്കൽ പഞ്ചായത്ത് നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. നഗരവത്ക്കരണത്തിൽ ജീവനറ്റുപോയ നീർച്ചാലുകളും തരിശായി മാറിയ കൃഷിഭൂമികളും വീണ്ടെടുക്കുകയെന്ന ശ്രമകരമായ ദൗത്യം ഒറ്റക്കെട്ടായി പഞ്ചായത്ത് നടപ്പാക്കി. ഹരിത കേരള മിഷൻ, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, ടൂറിസം വകുപ്പ് തുടങ്ങി നിരവധി സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പദ്ധതികൾ പഞ്ചായത്തിൽ നടക്കുന്നുണ്ട്. തണ്ണീർത്തടങ്ങൾ വീണ്ടെടുത്തുകൊണ്ട് ഭൂഗർഭ ജലത്തിന്റെ സംരക്ഷണം പ്രാവർത്തികമാക്കിയതിന് കേന്ദ്രസർക്കാരിന്റെ പുരസ്‌കാരവും പഞ്ചായത്തിനെ തേടിയെത്തി. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ സംഘം പഞ്ചായത്തിൽ എത്തുകയും വിവിധ ജലസംരക്ഷണ പദ്ധതികളുടെ പ്രവർത്തനങ്ങളെപ്പറ്റി പഠിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ പാരിസ്ഥിതിക വികസനത്തിന് തുടക്കം കുറിച്ചത് സമഗ്ര കുടിവെള്ള-ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച പുഴയൊഴുകും മാണിക്കൽ പദ്ധതിയിലൂടെയാണ്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ മൂലധനമാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് മാണിക്കൽ പഞ്ചായത്ത് കാഴ്ചവയ്ക്കുന്നത്. പഞ്ചായത്തിൽ 20 ഏക്കറോളം സ്ഥലത്ത് നെൽകൃഷി നടക്കുന്നുണ്ട്. വർഷങ്ങളോളം തരിശായി കിടന്ന ഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പൊന്ന് വിളയിക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെൽകൃഷിയുടെ മൂന്നാം വട്ട വിളവെടുപ്പ് നടക്കുകയാണ് ഇപ്പോൾ. മാണിക്കൽ പഞ്ചായത്തിന്റെ ലേബലിൽ അരിപ്പൊടി വിപണിയിൽ എത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്.  തനത് നാടൻ ഉത്പന്നങ്ങൾക്കുള്ള വിപണി സാധ്യത മുന്നിൽകണ്ട് മാണിക്കൽ പഞ്ചായത്തിന്റെ ലേബലിൽ അരിപ്പൊടി വിപണിയിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് കുതിരകുളം ജയൻ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി താമരകൃഷിയും വാണിജ്യാടിസ്ഥാനത്തിൽ പഞ്ചായത്തിൽ നടപ്പാക്കുന്നു. താമരകൃഷിക്കായി 65,000ത്തോളം രൂപയാണ് കർഷകർക്ക് സബ്‌സിഡിയായി നൽകുന്നത്. നെൽ കൃഷിക്കായി ഭൂമി വിട്ടുകൊടുത്ത ഉടമകൾക്ക് റോയൽറ്റിയും ലഭിക്കുന്നുണ്ട്. കൂടാതെ ഓണവിപണി ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി പൂ കൃഷിയും വ്യാപകമായി നടക്കുന്നു.

സീറോ കാർബൺ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് പഞ്ചായത്തിപ്പോൾ. ഓരോ വാർഡിലേയും 100 വീടുകളിലായി നാലു ഫലവൃക്ഷത്തൈകളും രണ്ട് തെങ്ങിൻ തൈകളും നട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പരിചരണം സാധ്യമാക്കുന്നതാണ് പദ്ധതി. ആലിയാട് പച്ച തുരുത്ത് നിർമിക്കാനുള്ള പ്രവർത്തനങ്ങളും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൽ തുടങ്ങി കഴിഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഇടപെട്ടും പ്രകൃതി വിഭവങ്ങളെ ഉപയോഗിച്ചും പഞ്ചായത്ത് വികസനത്തിന്റെ പുതിയൊരു പാത തുറന്നിരിക്കുകയാണ്. കാർഷിക വിളകളുടെയും ഉത്പന്നങ്ങളുടെയും വിപണി സാധ്യത മനസിലാക്കിയുള്ള വികസന മാതൃക യാഥാർത്ഥ്യമാക്കുകയാണ് മാണിക്കൽ ഗ്രാമ പഞ്ചായത്ത്.

date