Skip to main content
വനിതകൾക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം വേങ്ങൂർ ഗ്രാമപഞ്ചായത്ത് ശില്പ സുധീഷ് നിർവഹിക്കുന്നു

വനിതകൾക്ക് യോഗ പരിശീലന പദ്ധതിയുമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത്

വനിതകൾക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത്. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.  2023-24  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് "വനിതകൾക്ക് യോഗ പരിശീലനം" എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.

നിലവിൽ പഞ്ചായത്തിൽ മൂന്ന് സെന്ററുകൾ ക്രമീകരിച്ചാണ് യോഗ പരിശീലനം ലഭ്യമാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഹാൾ, കൊമ്പനാട് എസ്.എൻ.ഡി.പി ഹാൾ, നെടുങ്ങപ്ര ഐ.ടി.ഐ ഹാൾ എന്നിവയാണ് സെന്ററുകൾ. താല്പര്യമുള്ള വനിതകൾക്ക് സൗജന്യമായി ക്ലാസ്സുകളിൽ പങ്കെടുക്കാം. വൈകുന്നേരങ്ങളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. നിരവധി വനിതകളാണ് യോഗ പഠിതാക്കളായി രംഗത്ത് വന്നിരിക്കുന്നതെന്നും മികച്ച പ്രതികരണമാണ് പദ്ധതിയ്ക്ക് ലഭിക്കുന്നതെന്നും അധികൃതർ പറയുന്നു. 

പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനവും യോഗാ ദിനാചാരണവും എം.എം ഐസക്ക് സ്മാരക ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം നിർവഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ,  പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, ആയുർവേദ മെഡിക്കൽ ഓഫീസർ  ഡോ.അനുരാധ, യോഗ ഇൻസ്ട്രക്ടർ വിപിൻ.കെ.ബേബി, പഞ്ചായത്ത്  മെമ്പർമാരായ വിനു സാഗർ, കെ.എസ് ശശികല, പി.വി പീറ്റർ, ജിനു ബിജു, ആൻസി ജോബി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date