Skip to main content

ലഹരി വിരുദ്ധ ദിനാചരണം: മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുമായി വിമുക്തി മിഷൻ

 

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുമായി വിമുക്തി മിഷൻ.
റീസർജൻസ് 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 26 ന് കാക്കനാട് കാർഡിനൽ ഹയർ സെക്കന്ററി സ്കൂളിൽ മെഗാ ബോധവൽക്കരണ യജ്ഞം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഹൈബി ഈഡൻ എം. പി, ഉമ തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാലയങ്ങളിലാണ് ഒരേ ദിവസം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. വിമുക്തി മിഷന്റെ പരിശീലനം ലഭിച്ച മഹാരാജാസ് കോളേജിലെ എൻഎസ്എസ് കേഡറ്റുകളാണ് ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്നത്.

വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ കൊണ്ട് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ അധ്യായന വർഷം മുഴുവൻ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ മഹാരാജാസ് കോളേജിനെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തുന്നത്.

മഹാരാജാസ് കോളേജിൽ നിന്ന് 30 എൻഎസ്എസ് കേഡറ്റുകളെ തെരഞ്ഞെടുത്തു. അഞ്ചുദിവസം പരിശീലനം നൽകുന്നു. എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസിലെ വിമുക്തി തീയേറ്ററിലാണ് പരിശീലനം നൽകുന്നത്. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ ഹൈസ്കൂൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്നതാണ് പദ്ധതിയുടെ രൂപം. കൂടാതെ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത എല്ലാ സ്കൂളുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഒരുമാസം 15 വിദ്യാലയങ്ങളിലായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും 75,000 രൂപ ചെലവിൽ വിമുക്തിയുടെ പേരിലുള്ള ചുറ്റുവേലി നിർമ്മിക്കുകയും ചെയ്യും.

date