Skip to main content

ഐഎംഎ ബ്ലഡ് ബാങ്ക് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു

25 ശതമാനം ശമ്പള വര്‍ധനയ്ക്ക് ധാരണ

തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പ്.

ജൂലൈ മാസം മുതല്‍ ബ്ലഡ് ബാങ്ക് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 25 ശതമാനം വര്‍ധിപ്പിച്ച് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.

ബ്ലഡ് ബാങ്കിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മാനേജ്‌മെന്റ് കമ്മിറ്റി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി കൂടുതല്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി. സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ന് (വെള്ളി) മുതല്‍ പുനരാരംഭിക്കും.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി വല്ലഭന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എന്‍ സതീഷ്, ബ്ലഡ്ബാങ്ക് ഡയറക്ടര്‍ ഡോ. ഗോപിനാഥന്‍, ജോയിന്റ് ഡയരക്ടര്‍ ഡോ. പി ഗോപികുമാര്‍, ഐഎംഎ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ശോഭന മോഹന്‍ദാസ്, സെക്രട്ടറി ഡോ. ജോസഫ് ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബാലഗോപാല്‍, ഡോ. ബാബു പാറക്കല്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എഫ് ഡേവിസ്, സെക്രട്ടറി സ്റ്റാലിന്‍ ജോസഫ്, യൂനിറ്റ് സെക്രട്ടറി മീരാഭായ്, പ്രസിഡന്റ് രേണുക സുരേഷ്, പി ജി വിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date