Skip to main content

റീസർജൻസ്-2023 ലഹരി വിരുദ്ധ ദിനാചരണം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിപുലമായ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്

 

ജില്ലാതല ക്യാമ്പയിൻ കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും

മന്ത്രി പി രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  വിവിധ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി റീസര്‍ജന്‍സ് 2023 എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷൻ, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികളില്‍ ക്യാമ്പയിന്‍ നടത്തുന്നത്. 

ജൂണ്‍ 26 ന് കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ക്യാമ്പയിനിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യും. സ്കൂൾ, കോളേജ് തലത്തിൽ സംഘടിപ്പിക്കുന്ന മെഗാ ബോധവൽക്കരണ യജ്ഞം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിക്കും. ഉമാ തോമസ് എംഎൽഎ ലോഗോ പ്രകാശനം ചെയ്യും. കൊച്ചി കോർപ്പറേഷൻ എം അനിൽകുമാർ അംബാസഡർ പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ചടങ്ങിൽ അവാർഡ് ദാനം നിർവഹിക്കും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കർ പ്രകാശനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടറും തീം സോങ് പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി നിർവഹിക്കും.

ക്യാമ്പയിനോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ ഓട്ടൻ തുള്ളൽ, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിലെ എൻസിസി ബാന്റിന്റെ  നേതൃത്വത്തിൽ ബാൻ്റ് മേളം, ഭാരത മാതാ കോളേജ് എൻസിസി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ, പാമ്പാക്കുട എൻ റ്റി എം എച്ച്എസ്എസ് എൻസിസി വിഭാഗത്തിന്റെ സെറിമോണിയൽ പരേഡ്, രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ എറോബിക് ഡാൻസ്, കാർഡിനൽ ഹയർസെക്കൻഡറി സ്കൂൾ എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവരുടെ ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

കൂടാതെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബാഡ്ജിങ് സെറിമണി ചടങ്ങിൽ നാഷണൽ കെഡറ്റ്  കോർപ്സിന് കേണൽ കുര്യൻ ജോർജ്, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റിന് സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ, സ്കൗട്ട് ആൻഡ് ഗൈഡ്സിന് ആലുവ സൂപ്രണ്ട് ഓഫ് പോലീസ് വിവേക് കുമാർ, ജൂനിയർ റെഡ് ക്രോസ് കേഡറ്റിന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ ജയചന്ദ്രൻ എന്നിവർ ബാഡ്ജുകൾ വിതരണം ചെയ്യും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവര്‍ പങ്കെടുക്കും.

date