Skip to main content

കടൽക്ഷോഭ പ്രതിരോധത്തിന് 49.5 ലക്ഷത്തിന്റെ അടിയന്തിര പ്രവൃത്തികൾ: എം.എൽ.എ

 

വൈപ്പിൻ മണ്ഡലത്തിൽ കടൽക്ഷോഭ പ്രതിരോധം ലക്ഷ്യമിട്ട് 49.5 ലക്ഷം രൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് അനുമതിയായെന്ന് കെ. എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. മേജർ ഇറിഗേഷൻ എറണാകുളം ഡിവിഷന്റെ മേൽനോട്ടത്തിലാണ് തീരസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. കാലവർഷം കണക്കിലെടുത്താണ് അടിയന്തിര പ്രവൃത്തികൾ. 

പള്ളിപ്പുറം, എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം ഗ്രാമപഞ്ചായത്തുകളിലെ തീരത്ത് മൊത്തം ആറിടങ്ങളിലാണ് കടൽക്ഷോഭ പ്രതിരോധത്തിന്റെ ഭാഗമായി ജിയോബാഗ് ഭിത്തി തീർക്കുന്നത്. നായരമ്പലം പഞ്ചായത്തിലെ വെളിയത്താംപറമ്പ് 70 മീറ്റർ നീളത്തിൽ ആറ് ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതേ പഞ്ചായത്തിലെ ഷണ്മുഖ ക്ഷേത്രത്തിനു സമീപം 155 മീറ്റർ നീളത്തിലാണ് 12.50 ലക്ഷം രൂപയുടെ ജിയോബാഗ് ഭിത്തി. 

കുഴിപ്പിള്ളി പഞ്ചായത്ത് അതിർത്തി ഭാഗത്തു 59 മീറ്റർ നീളത്തിൽ 5 ലക്ഷം രൂപയുടെ തീരസംരക്ഷണ പ്രവൃത്തി ഇതിനകം തുടങ്ങിയിട്ടുണ്ട്. കുഴിപ്പള്ളി ഹരിജൻ കോളനിക്ക് സമീപം 60 മീറ്റർ നീളത്തിൽ 4.59 ലക്ഷം രൂപയുടെയും എടവനക്കാട് പഞ്ചായത്ത് അണിയിൽ ഭാഗത്തു 208 മീറ്റർ നീളത്തിൽ 16.50 ലക്ഷം രൂപയുടെയുമാണ് പ്രതിരോധ ഭിത്തി. പള്ളിപ്പുറം പഞ്ചായത്ത് രക്‌തേശ്വരി ബീച്ചിന് 600 മീറ്റർ വടക്കു ഭാഗത്തു 65 മീറ്റർ നീളത്തിൽ 5 ലക്ഷം രൂപയുടെ ജിയോബാഗ് നിരത്തുന്ന പ്രവൃത്തിയാണ് നടത്തുക.

date