Skip to main content

പന്നിപ്പനി: അടിയന്തര നടപടിക്ക് നിർദേശം

കോടശ്ശേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെയും ഒരു കി.മീ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോൾ പാലിച്ച് ഉടൻ ഉൻമൂലനം ചെയ്യുന്നതിനും ജഡം സംസ്കരിക്കുന്നതിനും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉത്തരവിട്ടു.

കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുളളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി. കേരളത്തിലേക്കോ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കോ പന്നിമാംസവും പന്നികളേയും അനധികൃതമായി കടത്തുന്നത് തടയുന്നതിനായി ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റ് പ്രവേശനമാർഗ്ഗങ്ങളിലും പോലീസ്, ആർ ടി ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണവകുപ്പ് കർശന പരിശോധന നടത്തും.

രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണവകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട റാപ്പിഡ് റസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ മുനിസിപ്പാലിറ്റി / ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ വെറ്ററിനറി ഓഫീസറെ ഉടൻ വിവരം അറിയിച്ച് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

date