Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-06-2023

ദുരന്ത നിവാരണം: അവലോകന യോഗം മൂന്നിന്

കാലവർഷം സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ജൂലൈ മൂന്നിന് ഉച്ച 2.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേരും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജൂൺ 28 വരെ കേരള തീരത്തും ജൂൺ 30 വരെ കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമുള്ള 'ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി'യിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ/ മേൽക്കൂര/ഫ്‌ളോറിങ്/ഫിനിഷിങ്/പ്ലംബിംങ്/സാനിറ്റേഷൻ/വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകയാണെങ്കിലും മുൻഗണന.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in
എന്ന വകുപ്പിന്റെ വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം നിന്നും ലഭിക്കും. 2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷകൾ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31.
വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസി. എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസറിൽനിന്നോ പഞ്ചായത്ത് സെക്രട്ടറിയിൽനിന്നോ ഹാജരാക്കണം.

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി-ആപ്റ്റ്) സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു/വി എച്ച് എസ് ഇ/ഡിപ്ലോമ/ തത്തുല്യം ആണ് യോഗ്യത. പട്ടികജാതി/പട്ടികവർഗ/മറ്റ് അർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യമുണ്ട്. ഒ ബി സി/എസ് ഇ ബി സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സ് നടക്കുക. അപേക്ഷാ ഫോറം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ലഭിക്കും. വിലാസം: ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, കോഴിക്കോട്. ഫോൺ: 0495 2723666, 2356591, 9400453069. വെബ്സൈറ്റ്: www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30.

ക്യാഷ് അവാർഡ് നൽകി

കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. താവക്കര ഹോട്ടൽ വൃന്ദാവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2021-2022 അധ്യയന വർഷം ഉന്നത വിജയം കൈവരിച്ചവർക്കാണ് ക്യാഷ് അവാർഡ് നൽകിയത്. ബോർഡ് അംഗം ജി ജയപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി സി ധനുഷ, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ ഗംഗാധരൻ (എ ഐ ടി യു സി), കെ വി രാഘവൻ (ഐ എൻ ടി യു സി), എം ഉണ്ണികൃഷ്ണൻ (ഐ എൻ എൽ സി), വേണുഗോപാൽ (ബി എം എസ്), രാജൻ തീയ്യറേത്ത് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), സുമേഷ് (കെ എച്ച് ആർ എ), ശ്രീനിവാസൻ (എം എൽ ഒ എ) വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

ലഹരിവിരുദ്ധ സദസ്സ്

ജില്ലാ ശിശുക്ഷേമ സമിതി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ചാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എൻ ടി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി വി ഷാജി ബോധവത്കരണ ക്ലാസെടുത്തു. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശൻ മാസ്റ്റർ, ജില്ലാ കൗൺസിൽ അംഗം പ്രവീൺ രുക്മ, ജില്ലാ സെക്രട്ടറി കെ എം രസിൽരാജ്, ട്രഷറർ വിഷ്ണുജയൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രവീൺകുമാർ, പിടിഎ പ്രസിഡണ്ട് എം വി നികേഷ്, ഷനില ടീച്ചർ, പി എം കൃഷ്ണപ്രഭ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ ബാഡ്ജ് വിതരണം, അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികളുടെ ലഹരി വിരുദ്ധ സംഗീതശിൽപം അവതരണം എന്നിവ നടത്തി.

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ഐപിപിഎൽ കില യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ ലഹരി വിരുദ്ധ പോസ്റ്റർ ഇ ടി സി കില പ്രിൻസിപ്പൽ പി എം രാജീവ് പ്രകാശനം ചെയ്തു. പോസ്റ്ററിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. റോണാ മേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഷാദിയ, കെ. ഗണേശൻ എന്നിവർ സംസാരിച്ചു. ഗായകസംഘം ലഹരി വിരുദ്ധ ഗാനം ആലപിച്ചു. അശ്വിനി സി സ്വാഗതവും  അശ്വിൻ പി നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ ദിനാചരണ സെമിനാർ

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിൽ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ ഫ്രാൻസിസ് കാരക്കാട്ട് അധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സനീഷ് ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. എൻ എസ് എസ് വളണ്ടിയർ ദേവിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വളണ്ടിയർമാരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജയ്നി എൻ ജോർജ്, പി കെ നിധിൻ കുട്ടൻ, മട്ടന്നൂർ മുനിസിപ്പാലിറ്റി യൂത്ത് കോ-ഓർഡിനേറ്റർ എ ഗിരീഷ് എന്നിവർ സംസാരിച്ചു. ടീം കേരള ക്യാപ്റ്റൻമാർ, വളണ്ടിയർമാർ, യുവതി ക്ലബ് അംഗങ്ങൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ആശയങ്ങൾ ക്ഷണിച്ചു

പാഴ്വസ്തുക്കളിൽ നിന്നും മൂല്യ വർധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആശയങ്ങൾ ക്ഷണിച്ചു. ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്‌സ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്ക് സമ്മാനം ലഭിക്കും.  ഫോൺ: 9188952109, 9188952110.

പി എസ് സി അഭിമുഖം ജൂലൈ അഞ്ചിന്

ജില്ലയിൽ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ (പാർട്ട് 1-ജനറൽ, ഫസ്റ്റ് എൻ സി എ-എൽ സി/എ ഐ, 340/2021, ബ്രാഞ്ച് മാനേജർ (പാർട്ട് 2-സൊസൈറ്റി ക്വാട്ട, ഫസ്റ്റ് എൻ സി എ-എസ് സി, 279/2021) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13, ഫെബ്രുവരി രണ്ട് തീയതികളിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 10 ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ അഞ്ചിന് കോഴിക്കോട് പി എസ് സി ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും ഹാജരാകണം.

വാഹന വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സർക്കാർ ജീവനക്കാർക്കുള്ള കാർ ലോൺ പദ്ധതിയിൽ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ ആറ് വർഷമെങ്കിലും സർവീസ് ബാക്കിയുള്ളവരാകണം. വാഹന ലൈസൻസ് ഉണ്ടാകണം. തുക ഒമ്പത് ശതമാനം പലിശ നിരക്കിൽ 60 തുല്യമാസ ഗഡുക്കളായി തിരിച്ചടക്കണം. കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. ഫോൺ: 0497 2705036, 9400068513

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കോൺക്രീറ്റ് ലാബിന്റെ താഴത്തെ നിലയിലെ ഗോവണിയിൽ റോളിംഗ് ഷട്ടർ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 10ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

കോളേജിലെ സിവിൽ എഞ്ചിനീയറിങ് വകുപ്പ് തലവന്റെ റൂമിന്റെ ചില ഭാഗങ്ങളിൽ അലൂമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ ആറിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

കോളേജിലെ സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെന്റ് കോൺക്രീറ്റ് ലാബിലെ താഴത്തെ നിലയിലുള്ള വരാന്തയിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ ഹാന്റ് റെയിൽ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 12ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

വാഹനം ആവശ്യമുണ്ട്

കണ്ണൂർ ജില്ലാ മൈനിങ് ആന്റ് ജിയോളജി ഓഫീസിന്റെ ഉപയോഗത്തിന് ഒരു മഹീന്ദ്ര, ബൊലേറോ, മാരുതി സുസുക്കി-സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ഇൻഡിഗോ കാറ്റഗറിയിൽ പെട്ട 15 മാസത്തിൽ കുറയാത്ത കാലപ്പഴക്കമുള്ള വാഹനം ഡ്രൈവർ സഹിതം ആവശ്യമുണ്ട്. ജൂലൈ മൂന്നിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700106.

വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളിലോട്, പടുപാറ, ബാവോട്ടുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 27 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊക്കായി, തോപ്പിലായി, നെടിയേങ്ങ കവല, പള്ളം, മറിയ നഗർ, ചെറുകൊളന്ത എന്നിവിടങ്ങളിൽ ജൂൺ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ എമറാൾഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 27 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആനയിടുക്ക്, കൊച്ചിപ്പള്ളി, അൽനൂർ, സിറ്റി സെന്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും അഞ്ചുകണ്ടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ യൂണിവേഴ്‌സൽ ക്ലബ്, വനിതാ ബാങ്ക്, പെർഫെക്ട്, സുമയ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും ദുർഗ, ജനശക്തി, എളയാവൂർ കോളനി, ഫ്‌ളവേഴ്സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും എളയാവൂർ ടെമ്പിൾ, എളയാവൂർ വയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

date