Skip to main content

പാചക വാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി

ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം. എന്‍.ഐ. ഷാജു പറഞ്ഞു. ജില്ലയിലെ പാചക വാതക വിതരണ ഏജന്‍സികളുടെയും വിവിധ ഗ്യാസ് കമ്പനി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില വിതരണക്കാര്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉപഭോക്താക്കള്‍ ബില്‍ ചോദിച്ച് വാങ്ങണം. ബില്ലിലുള്ള തുകയോ എസ്.എം.എസില്‍ ലഭിക്കുന്ന തുകയോ ആണ് നല്‍കേണ്ടത്. ഗ്യാസ് ഏജന്‍സികള്‍ സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കണം. വഴിയില്‍ ഇറക്കി പോകുന്ന പ്രവണത ഒഴിവാക്കണം. സിലിണ്ടറുകള്‍ വീടുകളിലെത്തിച്ചു നല്‍കുന്നതിന് വിവിധ ദൂരപരിധിക്കനുസരിച്ച് നിശ്ചയിച്ച തുക മാത്രമെ ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാവു. സിലിണ്ടറില്‍ നിശ്ചിത തൂക്കത്തിലുള്ള ഗ്യാസില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. റോഡുകളിലും കടകളിലും യാതൊരുവിധ സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഗ്യാസ് സിലിണ്ടറുകള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണം. അനധികൃതമായി കടകളുടെയും മറ്റും പിന്നില്‍ സിലിണ്ടറുകള്‍ കൂട്ടിയിടുന്നതായും പരാതിയുണ്ട്. ഇത്തരം സിലിണ്ടറുകള്‍ മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്നതാണ്.  

ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തണം

സംസ്ഥാനത്ത് 80 ശതമാനത്തിലധികം ഉപഭോക്താക്കളും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുമ്പോള്‍ ജില്ലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നവരുടെ എണ്ണം കുറവാണ്. ഇത് പലതരത്തിലുള്ള ക്രമക്കേടുകള്‍ക്കും വഴിയൊരുക്കും. ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിലയില്‍ യഥാസമയം സിലിണ്ടറുകള്‍ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് സഹായിക്കും. വിവിധ കമ്പനികളുടെ പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താവുന്നതാണ്.
 
ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം

ഗ്യാസ് വിതരണത്തിന് വീടുകളിലെത്തുന്ന ജീവനക്കാര്‍ക്ക് ഉപഭോക്താക്കളോടുള്ള പെരുമാറ്റം, നല്‍കേണ്ട സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് ഗ്യാസ് കമ്പനികളുടെ സഹകരണത്തോടെ പരിശീലനം നല്‍കണം. ഉപഭോക്താക്കള്‍ക്കും ബോധവല്‍കരണം നടത്തണം. ഉപഭോക്താക്കളും വിതരണക്കാരും തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായകമാകും.  
എ.ഡി.എം. എന്‍.ഐ. ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. കണ്ണന്‍, ബി.പി.സി.എല്‍. പ്രതിനിധി സച്ചിന്‍ കര്‍ചി, എച്ച്.പി.സി.എല്‍. പ്രതിനിധി ബി. ബാബു സിംഗ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഉപഭോക്തൃ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date