Skip to main content

പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത്; ആദ്യ ദിനം പരിഗണിച്ചത് 45 കേസുകള്‍

*28 പരാതികളില്‍ തീര്‍പ്പ്

പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ ബി.എസ്. മാവോജി. സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ഇടുക്കി ജില്ലയില്‍ നിലവിലുള്ള പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായി  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നങ്ങള്‍ ഏറെയുള്ള ജില്ലയാണ് ഇടുക്കി. അവ പരിഹരിക്കല്‍ സങ്കീര്‍ണമാണ്.  കമ്മീഷന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അദാലത്തുകളിലൂടെ കമ്മീഷന്‍ പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ലിനില്‍ നടന്ന ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ബീച്ച് വോളിബോളില്‍ വെങ്കല മെഡല്‍ നേടിയ ഇടുക്കിക്കാരിയും പട്ടികജാതി വിഭാഗക്കാരിയുമായ ദിവ്യ തങ്കപ്പന് 2.5 ലക്ഷം രൂപ പാരിതോഷികമായി നല്‍കാന്‍ സര്‍ക്കാരിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നതായും ചെ യര്‍മാന്‍ അദാലത്ത് വേദിയില്‍ പറഞ്ഞു. പരാതി പരിഹാര അദാലത്തിന്റെ ആദ്യ ദിവസം വിവിധ വിഷയങ്ങളിലുള്ള 45 പരാതികള്‍ പരിഗണിച്ചു.അവയില്‍ 28 എണ്ണം പരിഹരിച്ചു.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി , കമ്മീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ട് ബെഞ്ചുകളിലായി ജോലി സ്ഥലത്തു നിന്നുള്ള അതിക്രമം, ജാതിയധിക്ഷേപം, ഭീഷണി, കൈവശവസ്തു കൈയേറ്റം, ധനസഹായങ്ങള്‍ ലഭിക്കാതിരിക്കല്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്തത്, ഗാര്‍ഹിക പീഡനം, വധഭീഷണി, കള്ളക്കേസ്, ഭവനനിര്‍മാണം ,വ്യാജരേഖ നിര്‍മിച്ചു ഫണ്ട് വകമാറ്റല്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടു. പുതിയ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.
പരാതി പരിഹാര അദാലത്ത് ഇന്ന് ( 5/7/23) സമാപിക്കും. ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു. അദാലത്തില്‍ പരാതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ഓഫീസര്‍മാര്‍, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date