Skip to main content

ഒളവണ്ണ സ്മാർട്ടാകും; ഇ -മുറ്റം പദ്ധതിയിലൂടെ 

 

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി മാറാനൊരുങ്ങി ഒളവണ്ണ. പഞ്ചായത്തിൽ ഇ-മുറ്റം പദ്ധതിയിലൂടെ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കാൻ വേണ്ട സഹായങ്ങൾ വീട്ടുമുറ്റത്തെത്തും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതിയാണ് ഇ-മുറ്റം. ജില്ലയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാധാരണ ജനങ്ങൾക്ക് ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധം നൽകുക, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ, മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇന്റർനെറ്റ് സാധ്യത മനസിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. 15 വയസിന് മുകളിൽ പ്രായമുള്ള ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി ക്ലാസ് നൽകും. പഠിതാക്കൾക്ക് കുറഞ്ഞത് 12 മണിക്കൂർ ക്ലാസുകൾ നൽകും.

കൈറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന കൈപ്പുസ്തകമാണ് പഠനസാമഗ്രിയായി ഉപയോഗിക്കുക. എൻ എസ് എസ് വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരാണ് ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കുക. പഞ്ചായത്തിലെ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം ആരംഭിച്ചു. ആഗസ്റ്റിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി ഒളവണ്ണയെ പ്രഖ്യാപിക്കും.

മികച്ച രീതിയിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ള സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത പഠിതാക്കൾക്ക് സാധ്യതകൾ പരിശോധിച്ച് മൊബൈൽ ഫോൺ നൽകുന്നതിനുള്ള കാര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പ്രസിഡന്റ് അഡ്വ പി. ശാരുതി പറഞ്ഞു. പഞ്ചായത്തിലെ 23 വാർഡുകളിലും പദ്ധതി വിജയകരമായി  പൂർത്തീകരിച്ചു കഴിഞ്ഞാൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പഞ്ചായത്തായി ഒളവണ്ണ മാറും. അതിനുള്ള ശ്രമങ്ങളുമായിട്ടാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നതെന്നും വാർഡ് തലത്തിൽ പഠിതാക്കളെ കണ്ടെത്തി ജൂലൈ 15 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

date