Skip to main content

മാലിന്യ മുക്തം നവകേരളം: ജില്ലയെ സമ്പൂർണ മാലിന്യ മുക്തമാക്കാൻ ആക്ഷൻ പ്ലാൻ

 

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യ മുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമ്പൂർണ്ണ മാലിന്യ മുക്തമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നടപടികൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജനകീയ ഹരിത ഓഡിറ്റ് നടത്തും. ജൂലൈ 31നകം ഇതിന്റെ റിപ്പോർട്ട്  ഗ്രാമസഭകളിൽ വെക്കും. 2024 മാർച്ച് 30നകം സമ്പൂർണ്ണ മാലിന്യമുക്തകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ജില്ലയിലും നടപടികൾ ആരംഭിച്ചത്. 

ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഡി.പി.സി ഹാളിൽ നടന്ന മൊബൈൽ ഫെസിലിറ്റേഷൻ അംഗങ്ങളുടെ പരിശീലനത്തിലാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനമെടുത്തത്. ജൂലൈ 13 മുതൽ 18 വരെ ബ്ലോക്ക്, നഗരസഭ തലത്തിൽ നടക്കുന്ന ശിൽപ്പശാലയിൽ ബന്ധപ്പെട്ട നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥൻ, ക്ലീൻ സിറ്റി മാനേജർ, ആരോഗ്യ ജീവനക്കാർ, ഹരിതകർമ്മസേന ഭാരവാഹികൾ, പ്ലാൻ  ക്ലർക്ക് എന്നിവർ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

മൊബൈൽ ഫെസിലിറ്റേഷൻ അംഗങ്ങൾക്കുള്ള പരിശീലനത്തിൽ ജോയിന്റ് ഡയറക്ടർ റജികുമാർ കെ.കെ, അസിസ്റ്റന്റ് ഡയറക്ടർ പൂജാലാൽ, ശുചിത്വമിഷൻ കോർഡിനേറ്റർ ഗൗതമൻ എം.കെ, മാലിന്യ മുക്തം നവകേരളം  കോർഡിനേറ്റർ മണലിൽ മോഹനൻ, 
കില ജില്ലാ ഫെസിലിറ്റേറ്റർ പി ജി പ്രമോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു.

date