Skip to main content

ധനവിഭവ സംയോജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാൻ  ജില്ലാതല ടീം

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പ്രവർത്ത നങ്ങളുടെ ഭാഗമായി മാലിന്യ നിർമ്മാർജന - സംസ്കരണ പദ്ധതിയിൽ ധനവിഭവ സംയോജനത്തിനായി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളെ ഫെസിലിറ്റേറ്റ് ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള 
ജില്ലാതല ഫെസിലിറ്റേഷൻ ടീമിനായി ഏകദിന പരിശീലനം കൊച്ചി കോർപറേഷൻ ഇ.എം.എസ് ടൗൺ ഹാളിൽ നടത്തി.

ക്യാമ്പയിൻ പിന്നിട്ട പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും, പ്രൊജക്ടുകൾ തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം, ധന സമാഹരണത്തിനായുള്ള വിവിധ സ്രോതസുകൾ , എന്നിവയെ കുറിച്ച് ക്ലാസുകൾ നടന്നു. വിവിധ കേന്ദ്ര, സംസ്ഥാന പദ്ധതികളിലെ ഫണ്ടുകൾ സമയബന്ധിതമായി ഉപയോഗിക്കുവാനായി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളെ സഹായിക്കാൻ റിസോഴ്സ് പേഴ്സൺമാരെ (ആർ പി) പ്രാപ്തരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.

കിലയുടെയും ശുചിത്വ മിഷന്റെയും റിസോഴ്സ് പേഴ്സൺമാർ, ഖരമാലിന്യ സംസ്കരണ പദ്ധതി എഞ്ചിനീയർമാർ, കില തീമാറ്റിക് വിദഗ്ധർ, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ.ജി.എസ്.എ) കോ - ഓഡിനേറ്റർമാർ, എന്നിവർ ഉൾപ്പെടുന്ന ടീമിന് വേണ്ടിയായിരുന്നു പരിശീലനം.  ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക്, കില ആർപി കെ.കെ. രവി, ആർ.ജി.എസ്.എ. ജില്ലാ കോ-ഓഡിനേറ്റർ വിഷ്ണു കെ. വേണു, കെ.എസ്. ഡബ്ല്യു.എം.പി. സോഷ്യൽ എക്സ്പെർട്ട് എസ്. വിനു, ശുചിത്വ മിഷൻ ഐ.ഇ.സി. വിദഗ്ധ കെ.ജെ. ലിജി, എന്നിവർ നേതൃത്വം നൽകി. കില ആർപിമാരായ കെ. എൻ. മുരളീധരൻ, പി. കെ. വർഗീസ്, എൻ. സി. ബേബി, എം. സി. പവിത്രൻ, സംഗീത ശക്തി, കെ. വി. അനിൽകുമാർ, ബിനു അജയകുമാർ, പി.എൻ. ശോഭ, എന്നിവർ ക്ലാസുകൾ നയിച്ചു.

ജില്ലയിലെ ഓരോ തദ്ദേശഭരണ സ്ഥാപനവും 2024 മാർച്ചോടു കൂടി മാലിന്യമുക്തമാക്കുന്നതിനായി ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ജൈവ മാലിന്യവും അജൈവ മാലിന്യവും ഉറവിടത്തിൽ തന്നെ തരം  തിരിക്കൽ, അജൈവ മാലിന്യം പൂർണമായ വാതിൽപ്പടി ശേഖരണം, ജൈവ മാലിന്യം പൂർണമായും ഉറവിടത്തിൽ തന്നെ സംസ്കരിക്കൽ, മാലിന്യ കൂമ്പാരം ഇല്ലാത്ത പൊതു ഇടങ്ങൾ സൃഷ്ടിക്കൽ, എല്ലാ ജലാശയങ്ങളിലും ഖര മാലിന്യം നീക്കം ചെയ്ത് സുഗമമായ നീരൊഴുക്ക് ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങൾ മൂന്നു ഘട്ട പ്രവർത്തനങ്ങളിലായി കൈവരിക്കുക എന്നതാണ് “മാലിന്യ മുക്തം നവകേരളം" ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

date