Skip to main content

69ാമത് നെഹ്റു ട്രോഫി; വിപുലമായ പ്രചാരണം സംഘടിപ്പിക്കും

ആലപ്പുഴ: ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി ജലമേള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വിപുലമായ പ്രചാരണ പരിപാടികൾ  സംഘടിപ്പിക്കാൻ നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മറ്റി തീരുമാനം. കമ്മിറ്റിയുടെ ഈ വർഷത്തെ പ്രഥമയോഗത്തിൽ  സ്‌കൂൾ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാവുന്ന മത്സരങ്ങൾ സംഘടിപ്പിക്കും. 
സ്‌കൂൾ വിദ്യാർഥികൾക്കുള്ള ചിത്രരചന മത്സരം നിറച്ചാർത്ത്, കമന്ററി മത്സരം, ഭാഗ്യചിഹ്നം തയ്യാറാക്കൽ, ഭാഗ്യചിഹ്നത്തിന് പേരിടൽ, റീൽ തയ്യാറാക്കൽ മത്സരം, ഫേസ് പേന്റിങ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരയിനങ്ങൾക്ക് സ്വർണ നാണയം, ക്യാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 
നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ സിമി ഷാഫി ഖാൻ, നസീർ പുന്നയ്ക്കൽ, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത് കുമാർ, സെക്രട്ടറി ടി.കെ. അനിൽകുമാർ, എ. കബീർ, കെ. നാസർ, ഹരികുമാർ വാലേത്ത്, രമേശൻ ചെമ്മാപറമ്പിൽ എന്നിവർ പങ്കെടുത്തു.

date