Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകളിൽ തുടർ നടപടി ഉറപ്പാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

00
മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന 'കരുതലും കൈത്താങ്ങും' പരിഹാര അദാലത്ത് അവലോകന യോഗം 

‘കരുതലും കൈത്താങ്ങും’അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. താലൂക്ക്തല അദാലത്തുകളിൽ ലഭിച്ച പരാതികളില്‍ പുനരവലോകനം നടത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലഭിച്ച പരാതികള്‍ അനന്തമായി നീട്ടിവെയ്ക്കാതെ നിയമപരമായി ചെയ്യാൻ സാധിക്കുന്ന തരത്തിൽ പരിഹാരം കാണണം. പൂക്കോട്ടുംപാടം ട്രൈബൽ കോളനിയിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി കൈകൊള്ളണമെന്നും കോളനിയിലെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. താലൂക്ക് തല അദാലത്തുകളിൽ ലഭിച്ച പരാതികള്‍ നല്ല രീതിയിൽ തീർപ്പാക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക്തല അദാലത്തിൽ ലഭിച്ച് തീര്‍പ്പാകാതെ ജില്ലാ തലത്തിലേക്ക് മാറ്റിവെച്ച പരാതികളാണ് പുനരവലോകന യോഗത്തിൽ പരിഗണിച്ചത്.
മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലായി നടന്ന അദാലത്തുകളില്‍ ആകെ 7717 പരാതികളാണ് ലഭിച്ചത്. ഇതിൽ 2937 പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ നിരസിച്ചു. 4680 പരാതികൾ ജില്ലാതലത്തില്‍ തീർപ്പാക്കാൻ കഴിയാത്തവയാണ്. ഇവ സെപ്തംബറില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന മേഖലാതല യോഗത്തില്‍ പരിഗണിക്കും. 98 പരാതികളാണ് ജില്ലയില്‍ ഇനി തീർപ്പാക്കാൻ ബാക്കിയുള്ളത്. കെ.എസ്. ഇ.ബിയുമായി ബന്ധപ്പെട്ട 24 പരാതികൾ, കെ.എസ്.ടി.പി- എട്ട്, നിലമ്പൂർ താലൂക്ക്- ആറ്, പി.ഡബ്ല്യു നിരത്ത് വിഭാഗം-അഞ്ച്, എൽ.എസ്.ജി.ഡി-നാല്, തിരൂർ താലൂക്ക്- നാല്, പിന്നാക്ക വികസനം- നാല്, സാങ്കേതിക വിദ്യാഭ്യാസം -മൂന്ന്, വ്യവസായം-രണ്ട്, കൊണ്ടോട്ടി താലൂക്ക്- രണ്ട്, പെരിന്തൽമണ്ണ താലൂക്ക്-മൂന്ന്, ലീഡ് -അഞ്ച്, പൊന്നാനി താലൂക്ക്-രണ്ട്, സാമൂഹ്യ നീതി-രണ്ട്, കളക്ടറ്റേറ്റ്-ആറ്, കൃഷി, ആയുർവേദം, കോളേജ് വിദ്യാഭ്യാസം, സാംസ്‌കാരീകം, നിർമ്മാണ തൊഴിലാളി ക്ഷേമനിധി  ബോർഡ്, നോർക്കാ റൂട്ട്‌സ്, വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, മെഡിക്കൽ വിദ്യഭ്യാസം, ലോട്ടറി, എംപ്ലോയ്‌മെന്റ്, ഏറനാട് താലൂക്ക്, ആർ.ഡി.ഒ. തിരൂർ എന്നിവയുമായി ബന്ധപ്പെട്ട ഓരോ പരാതികൾ എന്നിവയാണ്  വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ തീർപ്പാക്കാനുള്ള പരാതികൾ.
മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ, 18ന് പെരിന്തൽമണ്ണ, 22ന് തിരൂർ, 23ന് പൊന്നാനി, 25ന് തിരൂരങ്ങാടി, 26ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് താലൂക്കുകളിൽ അദാലത്തുകൾ സംഘടിപ്പിച്ചത്.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻ കുമാർ യാദവ്,  ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, എ.ഡി.എം. എൻ.എം മെഹറലി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date