Skip to main content

ഓട്ടിസം ബാധിതരെ സഹായിക്കാന്‍ പദ്ധതി നടപ്പിലാക്കും :പി കെ ഗോപന്‍

ആര്‍ദ്രതീരം പദ്ധതിയിലൂടെ ഓട്ടിസം ബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലക്‌ട്രോണിക്‌സ് വീല്‍ചെയറും സൈഡ് വീലോടുകൂടിയ സ്‌കൂട്ടറും ജില്ലാ പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം ബാധിതരെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളുടെ നിര്‍മാണം ആദ്യഘട്ടത്തില്‍ നടപ്പാക്കും. അനാഥരായ പെണ്‍ക്കുട്ടികള്‍ക്ക് തൊഴില്‍ സഹായവും വിവാഹം നടത്തുന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് എറ്റെടുക്കും. ദുര്‍ബലരായിട്ടുള്ളവരെ ചേര്‍ത്തുപിടിക്കുകയാണ് ജില്ലാ പഞ്ചായത്ത് എക്കാലവും മുന്‍ഗണന നല്‍കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതരത്തിലുള്ള പദ്ധതികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് 34 ലക്ഷം രൂപ വകയിരുത്തി 26 വീല്‍ ചെയറുകളും 1,01,000 വില വരുന്ന ഒമ്പത് പേര്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടറുകളുമാണ് നല്‍കിയത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ നജീബത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത രമേശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date