Skip to main content

അഷ്ടമുടികായല്‍ മലിനീകരണം: യോഗം ചേര്‍ന്നു

അഷ്ടമുടികായലിന്റെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ റെയില്‍വേ, കോര്‍പറേഷന്‍ അധികൃതരുടെ യോഗം ചേമ്പറില്‍ ചേര്‍ന്നു. പുള്ളിക്കട കോളനി ഉള്‍പ്പെടെ റെയില്‍വേ പുറമ്പോക്ക് എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങള്‍ സര്‍വേ നടത്തി തിട്ടപ്പെടുത്തുന്നതിന് കൊല്ലം ഭൂരേഖ തഹസില്‍ദാര്‍ക്ക് നിര്‍ദേശം ജില്ലാകളക്ടര്‍ നല്‍കി.

അഷ്ടമുടി കായലിന് സമീപം താമസിക്കുന്ന ബി പി എല്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ബയോ ഡീഗ്രേഡബിള്‍ ടോയ്ലറ്റ് സംവിധാനം സജ്ജമാക്കുന്നതിന് 50,000 രൂപ കോര്‍പ്പറേഷന്‍ ഫണ്ട് അനുവദിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. അനധികൃതമായി കായലിലേക്ക് വച്ചിരിക്കുന്ന ഔട്ട്ലെറ്റുകള്‍ ഒഴിവാക്കുന്നതിനും പിഴ ഈടാക്കാനും തീരുമാനിച്ചു.

റെയില്‍വേ കടന്നുപോകുന്ന ജില്ലയിലെ 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പലയിടങ്ങളിലെ മാലിന്യകൂമ്പാരം അടിയന്തരമായി നീക്കം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി കലക്ടര്‍ നിര്‍മല്‍ കുമാര്‍, തഹസീല്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ,് റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date