Skip to main content

താലൂക്ക്തല അദാലത്തുകളില്‍ എണ്ണൂറോളം പരാതികള്‍ പരിഹരിച്ചു -മന്ത്രി റോഷി അഗസ്റ്റിന്‍

*കരുതലും കൈത്താങ്ങും ജില്ലാതല അവലോകന യോഗം ചേര്‍ന്നു

സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളിലൂടെ ജില്ലയില്‍ എണ്ണൂറോളം പരാതികള്‍ പരിഹരിക്കാനായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
താലൂക്ക്തല അദാലത്തിലെ പരാതി പരിഹാര നടപടികളുടെ പുരോഗതി വിലയിരുത്താന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മെയ് 15 മുതല്‍ ജില്ലയിലെ 5 താലൂക്കുകളിലായി സംഘടിപ്പിച്ച അദാലത്തില്‍ ആകെ 2437 പരാതികളാണ് ലഭിച്ചത്. ഇതില്‍ 1404 പരാതികള്‍ അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. പരിഗണിച്ച 1033 പരാതികളില്‍ 745 എണ്ണത്തില്‍ ആവലാതിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്‍കാനായതായും ബാക്കി 288 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10 ന് ആരംഭിച്ച അവലോകന യോഗത്തിന് മന്ത്രിമാരെക്കൂടാതെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കളക്ടര്‍മാരായ അരുണ്‍ എസ് നായര്‍, രാഹുല്‍ കൃഷ്ണ ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.
അദാലത്തില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വകുപ്പ് മേധാവികള്‍ യോഗത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിച്ച 755 പരാതികളുടെ ഇനം തിരിച്ച റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടു. കൊക്കയാര്‍ പഞ്ചായത്തില്‍ പ്രളയത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ട 8 കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണമായും നഷ്ടപരിഹാരം നല്‍കിയതായി തഹസില്‍ദാര്‍ അറിയിച്ചു. വീണ്ടും പ്രളയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ച കൊക്കയാര്‍ പഞ്ചായത്തിലെയും കൊന്നത്തടി പഞ്ചായത്തിലെയും മറ്റു പരാതികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വാത്തിക്കുടി വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ച് പരാതികളില്‍ ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയത് പുന:പരിശോധിക്കാനും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ എറണാകുളത്ത് മേഖലതല അവലോകന യോഗം നടക്കും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാ വകുപ്പ് മേധാവികളും ഗൈഡ്‌ലൈന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകള്‍ മേഖല യോഗത്തിന് മുന്നോടിയായി നടത്തണമെന്ന് മന്ത്രി വി.എന്‍ വാസവന്‍ ആവശ്യപ്പെട്ടു. അദാലത്ത് വന്‍വിജയമാക്കുന്നതിനായി പ്രവര്‍ത്തിച്ച ജില്ലാ ഭരണകൂടത്തെയും ഉദ്യാഗസ്ഥരെയും മന്ത്രിമാര്‍ അഭിനന്ദിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date