Skip to main content

നെഹ്‌റു ട്രോഫി 2022: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ആലപ്പുഴ: 68-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2022-ലെ നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍പേഴ്‌സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാറാണ് പുരസ്‌കാര തീരുമാനം അറിയിച്ചത്. 

അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് മാതൃഭൂമി റിപ്പോര്‍ട്ടര്‍ ജിനോ സി. മൈക്കിളിനാണ്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'പുന്നമടപ്പൂരം' എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ അരുണ്‍ ശ്രീധറിനാണ്. 'കായല്‍രാജാവ്' എന്ന തലക്കെട്ടോടെയുള്ള ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, കാമറാപേഴ്‌സണ്‍ പുരസ്‌കാരങ്ങള്‍ മീഡിയാവണ്‍ ആലപ്പുഴ ബ്യൂറോ ചീഫ് ബിനില്‍ സാബു, കാമറാമാന്‍ ജെ. മാഹീന്‍ എന്നിവര്‍ യഥാക്രമം നേടി. മീഡിയാവണ്ണില്‍ സംപ്രേഷണം ചെയ്ത വള്ളംകളി സ്‌പെഷ്യല്‍ വാര്‍ത്തകള്‍ക്കാണ് പുരസ്‌കാരം. 

നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വന്ന ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം വിഭാഗങ്ങള്‍ക്കും ടി.വി. വാര്‍ത്താ റിപ്പോര്‍ട്ടര്‍ക്കും കാമറാപേഴ്‌സണുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ട്രോഫിയും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 12-ന് വള്ളംകളി വേദിയില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, പി.ആര്‍.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, മീഡിയ അക്കാദമി ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. രാജഗോപാല്‍, ടി.വി. ജേണലിസം വകുപ്പ് തലവന്‍ ബി. സജീഷ് എന്നിവരടങ്ങിയ സമതിയാണ് വിധിനിര്‍ണയം നടത്തിയതെന്ന് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് അറിയിച്ചു.

date