Skip to main content

ബേപ്പൂര്‍ മണ്ഡലം ഭിന്നശേഷി സൗഹൃദമാക്കുന്നു 

 

ബേപ്പൂര്‍ മണ്ഡലം ഭിന്നശേഷി സൗഹൃദമാക്കുന്നു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയും ബേപ്പൂര്‍ മണ്ഡലം എംഎല്‍എയുമായ പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന് തന്നെ മാതൃകയായിക്കൊണ്ട്  ബേപ്പൂര്‍ മണ്ഡലത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ തുടക്കമായി. ഭിന്നശേഷി വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് ഭിന്നശേഷി സൗഹൃദ പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കുക. 

എല്ലാ ഭിന്നശേഷിക്കാര്‍ക്കും ഡിസബിലിറ്റി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് യുഡി ഐഡി കാര്‍ഡുകള്‍ ലഭ്യമാക്കല്‍, പൊതുസ്ഥലങ്ങളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കല്‍, ഭിന്നശേഷി സഹായ പദ്ധതികള്‍  അര്‍ഹതപ്പെട്ട എല്ലാവരിലേക്കും എത്തിക്കല്‍, പുനരധിവാസം, തൊഴില്‍ പരിശീലനം, സംരംഭകത്വം തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പടെ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കല്‍ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. 

ബേപ്പൂര്‍ മണ്ഡലത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍  ജുലൈ 29 ന്  രാവിലെ പത്ത് മണി മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, സ്ഥാപന മേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date