Skip to main content

ഊര്‍ജിത വാക്‌സിനേഷന്‍ പദ്ധതി; മിഷന്‍ ഇന്ദ്രധനുസ് ആഗസ്റ്റ് ഏഴ് മുതല്‍

കൊവിഡിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് പരിപാടി മിഷന്‍ ഇന്ദ്രധനുസ് ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ എ ഡി എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിന്റേതാണ് തീരുമാനം. രാജ്യവ്യാപകമായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണിത്. ഇതിനായി പഞ്ചായത്ത് തലത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്തും. പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി കത്തിവെപ്പെടുത്തതുമായ കുട്ടികള്‍ ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് മിഷന്‍ ഇന്ദ്രധനുസിന്റെ ലക്ഷ്യം .മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഊര്‍ജിത വാക്‌സിനേഷന്‍ നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സപ്തംബര്‍ 11 മുതല്‍ 16 വരെയും, മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും വാക്സിനേഷൻ നടത്തും. ഞായറും പൊതു അവധി ദിവസങ്ങളും ഒഴികെ പതിവ് വാക്‌സിനേഷന്‍ ദിനങ്ങള്‍ ഉള്‍പ്പെടെയാണ് മിഷന്‍ ഇന്ദ്രധനുസ് നടപ്പിലാക്കുക. രാവിലെ 9 നും വൈകീട്ട് 4 നുമിടയിലാവും വാക്‌സിനേഷന്‍. ഓരോ പ്രദേശത്തിന്റെയും സ്ഥിതിയനുസരിച്ചും സമയക്രമീകരണം ഏര്‍പ്പെടുത്തും.
വാക്‌സിനേഷനോട് മുഖം തിരിക്കുന്ന പ്രവണത ചിലരില്‍ ഏറി വരുന്നതായി യോഗം വിലയിരുത്തി. അത്തരക്കാരെ ബോധവല്‍ക്കരിക്കും. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ പ്രചാരണം നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാവുമിത്. മിഷന്‍ ഇന്ദ്രധനുസുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് എ ഡി എം അഭ്യര്‍ത്ഥിച്ചു. ആര്‍ സി എച്ച് ഓഫീസര്‍ ഡോ അശ്വിന്‍ പദ്ധതി വിശദീകരിച്ചു. ഡി എം ഒ (ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. എം പി ജീജ, ഡി എം ഒ (ഐ എസ് എം) ഡോ. സി അനഘന്‍, ഡി എം ഒ (ഹോമിയോ) ഡോ.വി അബ്ദുള്‍ സലാം, മറ്റ് ഉദ്യോഗസ്ഥര്‍. ആരോഗ്യ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date