Skip to main content

പെൺകരുത്തിന്റെ 'അവളിടം'; ജില്ലയിൽ ഒരുങ്ങിയത് 96 ക്ലബുകൾ

യുവതികളുടെ സമഗ്ര വികസനവും സാമൂഹ്യ ഇടപെടലും ലക്ഷ്യമാക്കി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച അവളിടം ക്ലബുകളുടെ പ്രവർത്തനം രണ്ടാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ മലപ്പുറം ജില്ലയിൽ ആരംഭിച്ചത് 96 ക്ലബുകൾ. സ്ത്രീകളിൽ അവബോധവും ആത്മവിശ്വാസവും വളർത്തി സ്ത്രീശാക്തീകരണത്തിന് അടിത്തറപാകാൻ സഹായിക്കുകയാണ് പദ്ധതിയിലൂടെ വകുപ്പ്  ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് 'അവളിടം' എന്ന പേരിൽ യുവതികളുടെ സമഗ്ര വികസനത്തിനായി ക്ലബുകൾ ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ ഓരോന്നും കോർപ്പറേഷനുകളിൽ രണ്ടെണ്ണം വീതവുമാണ് ഒരുക്കിയിട്ടുള്ളത്. ശരാശരി 20 അംഗങ്ങളാണ് ഓരോന്നിലുമുള്ളത്. സ്ത്രീധനത്തിനും സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കുമെതിരെയുള്ള ബോധവത്കരണം, സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, വിവാഹപൂർവ കൗൺസലിങ്,  സാമ്പത്തികമുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ത്രീകളെ സ്വയംപര്യാപ്തമാക്കാനുള്ള സ്വയംതൊഴിൽ പരിശീലനത്തിനും ജില്ലയിലെ 'അവളിടം' ക്ലബുകൾ വഴിയൊരുക്കുന്നു. തയ്യൽ, ആഭരണ നിർമാണം, കൂൺ കൃഷി, ഡിസൈനിങ്, കേക്ക് നിർമാണം, ഫോട്ടോഗ്രാഫി പരിശീലനം തുടങ്ങിയവ ഇതിലുൾപ്പെടും. കൂടാതെ അവളിടം ക്ലബുകളിലെ അംഗങ്ങളെ ഉൾക്കൊള്ളിച്ച്, ഫ്ലാഷ് മോബ്, ലഹരിക്കെതിരെ കലാ ജാഥകളും  ഒരുക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. വൈവിധ്യമായ പരിശീലന പരിപാടികൾ ഉൾപ്പെടുത്തി ക്ലബുകളെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കുന്നത്.

date