Skip to main content

വെച്ചൂരിൽ കാർഷിക വികസനത്തിന് 41.63 ലക്ഷം രൂപയുടെ പദ്ധതികൾ

കോട്ടയം:  കാർഷിക വികസനത്തിന് 41.63 ലക്ഷം രൂപയുടെ പദ്ധതികളുമായി വെച്ചൂർ ഗ്രാമപഞ്ചായത്ത്. 2023 - 24 വാർഷിക പദ്ധതിയിലൂടെയാണ് തുക ചെലവഴിക്കുന്നത്. ഭൂമിശാസ്ത്രപരമായി കൃഷിക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് വെച്ചൂർ. കാർഷിക, മത്സ്യബന്ധന മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് പഞ്ചായത്തിലെ ഭൂരിഭാഗമാളുകളും. നെല്ലാണ് പ്രധാന കാർഷിക വിള. 30 പാടശേഖരങ്ങളാണ് പഞ്ചായത്തിലുള്ളത്. ഈ പാടശേഖരങ്ങളിൽ 3500 ഏക്കർ ഭൂമിയിലാണ് നെൽകൃഷി. ഒരേക്കറിൽ 20 മുതൽ 22 കിന്റൽ വരെ നെല്ലാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്.
 നെൽകൃഷി വികസനത്തിനാണ് പഞ്ചായത്ത് ഏറ്റവും അധികം തുക ചെലവഴിക്കുന്നത്. നെൽവിത്തുവിതരണത്തിനായി 33 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൃഷിയിൽ ഉണ്ടാകുന്ന കീട രോഗങ്ങളുടെ തീവ്രവ്യാപന നിയന്ത്രണത്തിനും, പാടശേഖരങ്ങളിലെ എലി ശല്യം തടയുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചു.
  ഓണം വിപണി ലക്ഷ്യമാക്കി ആരംഭിച്ച പുഷ്പകൃഷിക്കായി 1.25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൃഷിഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കിയ ശേഷം ബന്ദി തൈകൾ നട്ടു. ഹരിത ഗ്രാമം പദ്ധതിയിലൂടെ രണ്ടുഘട്ടങ്ങളായി 2.75 ലക്ഷം രൂപയും തീറ്റപ്പുൽ കൃഷിക്കുള്ള വിത്ത് നടീലിനായി ഒരു ലക്ഷം രൂപയും പഞ്ചായത്ത് ചെലവഴിച്ചു.
 കേരഗ്രാമം പദ്ധതിയിലൂടെയുള്ള തെങ്ങിൻതൈ വിതരണം പുരോഗമിക്കുകയാണ്. 75 ശതമാനം സബ്സിഡിയിലാണ് തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നത്. ഇതിനായി 48,000 രൂപയാണ് ചെലവഴിക്കുന്നത്. കൂടാതെ പൂവൻ വാഴ കൃഷി, റെഡ് ലേഡി പപ്പായ കൃഷി, കുറ്റി കുരുമുളക് കൃഷി എന്നിവയ്ക്കായുള്ള തൈകളുടെയും വിത്തുകളുടെയും വിതരണം പുരോഗമിക്കുകയാണെന്ന് വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.ആർ. ഷൈലകുമാർ പറഞ്ഞു.

date