Skip to main content

ആലുവയില്‍ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ മന്ത്രി പി. രാജീവ്‌  സന്ദര്‍ശിച്ചു

 

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി 

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ സന്ദര്‍ശിച്ചു. ആലുവ തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് മന്ത്രി എത്തിയത്.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. സർക്കാർ കുട്ടിയുടെ കുടുംബത്തോടൊപ്പമാണ്. പോക്സോ ഇരകളുടെ അമ്മമാര്‍ക്കുള്ള അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്. 

ആലുവയിലെ ചില ഇടങ്ങളിൽ ബ്ലാക്ക് സ്പോട്ടുകൾ (ഒഴിഞ്ഞ മേഖലകൾ) ഉണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അടിയന്തര നിർദേശം നൽകും.

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ശക്തമാക്കും. ഇവർക്കിടയിലെ ലഹരിയുടെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ വ്യാപകമാക്കും. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും പരിശോധനകൾ ശക്തമാക്കും. കുറ്റവാസനയുള്ളവരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സമഗ്രമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും അതിഥി തൊഴിലാളികളെ മുഴുവൻ കുറ്റക്കാരായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്,  ആലുവ തഹസിൽദാർ സുനിൽ മാത്യു, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ തുടങ്ങിയവരും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.

date