Skip to main content

സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജന പദ്ധതി: യോഗം ചേര്‍ന്നു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല, മാവേലിക്കര ഡി.ഇ.ഒ. തലങ്ങളില്‍ ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തന രൂപരേഖ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ധ്യ റാണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് സമ്പൂര്‍ണ മാലിന്യമുക്ത പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ശുചിത്വ മിഷന്റെ സഹകരണത്തോടെ തുമ്പൂര്‍മുഴി മാതൃകയില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കും. ഇതിനായി 1.75 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എയ്ഡഡ് സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ഓഗസ്റ്റ് ഏഴിന് സ്‌കൂളുകളില്‍ ഒരു ദിവസത്തെ ശുചിത്വ പരിപാടി സംഘടിപ്പിക്കും. വ്യക്തി ശുചിത്വം, ക്ലാസ്തല ശുചിത്വം, വിദ്യാലയ ശുചിത്വം, സാമൂഹിക ആരോഗ്യം എന്നിങ്ങനെ നാല് മേഖലകള്‍ കേന്ദ്രീകരിച്ചാണ് സ്‌കൂളുകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ശുചിത്വ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗും നടത്തും.

സ്‌കൂളുകളില്‍ അജൈവ മാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റ്, എയ്റോബിക് യൂണിറ്റ്, മറ്റ് മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. സ്‌കൂളിലെ എല്ലായിടങ്ങളും സമയ ബന്ധിതമായി ശുചീകരിക്കും. പൂന്തോട്ടം, കൃഷി, ഔഷധ തോട്ടം എന്നിവ ഉറപ്പാക്കും. സ്‌കൂളിനോട് ചേര്‍ന്നുളള തെരുവുകള്‍ സൗന്ദര്യവത്ക്കരിച്ച് പരിപാലിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രദേശത്തെ ഹരിതകര്‍മ സേനയ്ക്ക് കൈമാറുന്നതിനുമുള്ള ക്രമീകരണവും ഉറപ്പാക്കും. സ്‌കൂളിലെ യോഗങ്ങളും ആഘോഷങ്ങളും ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. 

പി.ടി.എ., എസ്.എം.സി. അംഗങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ ക്യാമ്പയിന്‍ റിസോഴ്സ് പേഴ്സണ്‍മാരുടെയും നേതൃത്വത്തില്‍ എല്ലാ സ്‌കൂളിലും ശുചിത്വ മേണിട്ടറിംഗ് സമിതി രൂപീകരിക്കും. എല്ലാ ആഴ്ചയിലും ക്ലാസ്സുകളില്‍ ശുചിത്വ പരിശോധന നടത്തി സ്‌കോര്‍ നല്‍കും. ഡി.ഇ.ഒ. തലത്തില്‍ സ്‌കൂളുകള്‍ക്ക് ശുചിത്വ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് അവാര്‍ഡ് നല്‍കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം ആര്‍. റിയാസ് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു, ചേര്‍ത്തല ഡി.ഇ.ഒ. പാര്‍വതി ചന്ദ്രന്‍, തുറവൂര്‍ എ.ഇ.ഒ. പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മാവേലിക്കര,
ആലപ്പുഴ, കുട്ടനാട് ഡി.ഇ.ഒ. തലത്തിലും യോഗങ്ങള്‍ ചേരും.

date