Skip to main content

കാലഘട്ടത്തിനനുസരിച്ച് കയർ തൊഴിലാളികൾക്ക് പരിശീലനം നൽകും : മന്ത്രി പി. രാജീവ്

ആലപ്പുഴ: കയർ ഉത്പ്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം യഥാർത്ഥ്യവത്ക്കരിക്കുന്നതിന് തൊഴിലാളികൾക്ക് പരിശീലനം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന കയർ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ഉള്ളടക്ക വികസന വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു മന്ത്രി. വിപണിയ്ക്കനുസൃതമായ ഉത്പ്പന്നങ്ങൾ നിർമിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കയർ വികസന വകുപ്പിന്റേയും കയർ കോർപ്പറേഷന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ കയർ രംഗത്തെ പ്രധാനപ്പെട്ട കയറ്റുമതിക്കാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, റിയാബ്, എൻ.സി.ആർ.എം.ഐ, തുടർ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, കയർ ഉത്പ്പന്ന രംഗത്തെ വിദഗ്ധ പത്ത് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. കയറ്റുമതി രംഗത്ത് ആവശ്യമുള്ള പുതിയ ഉത്പ്പന്നങ്ങളെ സംബന്ധിച്ച് സെമിനാറിൽ കയറ്റുമതിക്കാർ വിശദീകരിയ്ക്കുകയും ഇതിനനുസരിച്ച് ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രായോഗികത സംബന്ധിച്ച് തൊഴിലാളികൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.  

എൻ.ഐ.ഡി, കെ.എസ്.ഐ.ഡി, റിയാബ്, എൻസി.ആർ.എം.ഐ. തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഉത്പ്പന്നങ്ങളിൽ വരുത്തേണ്ട ഡിസൈൻ വ്യതിയാനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്തു. തുടർ വിദ്യാഭ്യാസ വകുപ്പ്, റിയാബ് എന്നിവരുടെ സഹായത്തോടെ കരിക്കുലം രൂപകൽപ്പന ചെയ്യുന്നതിന് കയർ കോർപ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, അധ്യക്ഷനായി. കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ, റിയാബ് ചെയർമാൻ ബി. അശോക്, കയർ വികസന ഡയറക്ടർ വി. ആർ. വിനോദ്, കയർ വകുപ്പ് അഡീഷണൽ ഡയറക്ടർ ടി.ഒ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

date