Skip to main content

സമേതം പദ്ധതി പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു.

ജില്ലയുടെ സംയുക്തവിദ്യാഭ്യാസ പദ്ധതിയായ സമേതം പ്രവർത്തനപരിപാടികൾക്ക് ആഗസ്ത് മാസത്തിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും. ജില്ലയിലെ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത മാസം ചേരും. 

കേരള സർക്കാർ മുന്നോട്ട് വെക്കുന്ന, ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രവർത്തനങ്ങളാണ് ശുചിത്വവിദ്യാലയം ഹരിതവിദ്യാലയം എന്നിവ. ഈ പ്രവർത്തനങ്ങൾക്കാണ് ഈ വർഷം സമേതം പരിപാടികളിൽ മുൻഗണന നൽകുക. ഇതുമായി ബന്ധപ്പെട്ട് ഓരോ പ്രദേശത്തെയും മികച്ച വിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതുൾപ്പടെ വിവിധ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ വർഷം തന്നെ, സമേതം പരിപാടികളുടെ ഭാഗമായി ആരംഭിച്ച പ്രവർത്തനമാണ്‌ വനസമേതം. ജില്ലയിലെ സ്കൂളുകളിൽ 2 മുതൽ 5 സെന്റ് സ്ഥലം വരെ പച്ചത്തുരുത്തിനായി ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. സർക്കാർ നിർദേശങ്ങളുടെ ഭാഗമായി, ഈ വർഷം എല്ലാ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കൂടാതെ കഴിഞ്ഞ വർഷം ആരംഭിച്ച ചരിത്രാന്വേഷണയാത്രകൾ, ജ്യോതിശാസ്ത്ര പഠന കോണ്ഗ്രസ്സ്, അമ്മവായന, ചലച്ചിത്ര/നാടക ക്ലബ്‌, ഭാഷാപോഷണ പരിപാടികൾ മുതലായവ ഈ വർഷത്തെയും പ്രവർത്തനപദ്ധതികളാണ്. ഇവ കൂടാതെ കായിക രംഗത്തെ മുന്നേറ്റത്തിനായുള്ള പ്രത്യേക പദ്ധതികൾ, ശാസ്ത്ര-ചരിത്ര-ഗണിത ലാബുകൾ എന്നിവയും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. 

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ വർക്കിംഗ്‌ കമ്മിറ്റി ചെയർമാൻ വി എൻ സൂർജിത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ എ വി വല്ലഭൻ, റഹിം വീട്ടിപ്പറമ്പിൽ, കെ ആർ മായ ടീച്ചർ, ഡി ഡി ഇ (ഇൻ ചാർജ്ജ്) എസ് ഷാജി, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റർ ടി വി മദനമോഹനൻ, ജില്ലാ അസി പ്ലാനിങ് ഓഫീസർ രത്നേഷ്, ഡി പി ഒ ഡോ എൻ ജെ ബിനോയ്‌, ഹയർ സെക്കന്ററി കോർഡിനേറ്റർ വി എം കരീം, സമേതം അസി കോർഡിനേറ്റർ വി മനോജ്‌, വിജ്ഞാൻ സാഗർ സ്പെഷൽ ആഫീസർ സി ടി അജിത്‌കുമാർ, ഡയറ്റ് പ്രതിനിധി ഡോ കെ പ്രമോദ്, നവകേരള മിഷൻ ജില്ലാ കോ_ഓഡിനേറ്റർ ദ്വിദിക, ഡി ഇ ഒ അജിതകുമാരി എ കെ, എ ഇ ഒ മാരായ പി എം ബാലകൃഷ്ണൻ, പി ജെ ബിജു, ടി എസ് സജീവൻ മാസ്റ്റർ, സൂപ്രണ്ട് പി ഐ ജോൺസൺ എന്നിവരും മറ്റുദ്യോഗസ്ഥരും പങ്കെടുത്തു.

date