Skip to main content

പട്ടയ പ്രശ്നത്തിന് അടിയന്തരപരിഹാരം വേണം: കെ എൻ ഉണ്ണിക്കൃഷ്ണൻ

 

വൈപ്പിൻ: മണ്ഡലത്തിലെ ഭൂമി പട്ടയം സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ. തിരുവനന്തപുരം ഐഎൽഡിഎമ്മിൽ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ നടന്ന മൂന്നാമത് ജില്ല റവന്യൂ അസംബ്ലിയിലാണ്  ആവശ്യമുന്നയിച്ചത്. തലമുറകളായി കൈവശം വച്ച് താൽക്കാലിക കിടപ്പാടങ്ങളിൽ കഴിയുന്നവരുടെ ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നതിന് റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ച് പോംവഴി കണ്ടെത്തണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി കെ രാജന് എം എൽ എ നിവേദനം  നൽകി. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് നടപടിയെടുക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വാസയോഗ്യമായ ഭൂമി ലഭ്യത കുറഞ്ഞ മണ്ഡലത്തിൽ പട്ടയ പ്രശ്നം ജനങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു പ്രതിബന്ധമാണെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ റവന്യൂ അസംബ്ലിയിൽ പറഞ്ഞു. കുളം, പുഴ, തോട് പുറമ്പോക്കുകളിൽ കഴിയുന്നവരുടെ സ്ഥിതിയാണ് ഏറെ ദുസഹം. ഇവരുടെ പട്ടയം ലഭ്യത സംബന്ധിച്ച ഫയലുകൾ  റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പുകളിൽ തീർപ്പാകാതെ തുടരുന്നു. നടപടി ക്രമങ്ങളിലെ സങ്കീർണതകളും നിയമപ്രശ്നങ്ങളുമാണ് തീരുമാനമുണ്ടാകുന്നതിന് തടസം.
പുറമ്പോക്കുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ മതിയായ ഭൂമി മണ്ഡലത്തിൽ ലഭ്യമല്ലെന്നിരിക്കെ ചേരാനല്ലൂർ, എളംകുളം വില്ലേജുകളിലെ ഇരുന്നൂറിലേറെ കുടുംബങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം പട്ടയം നൽകിയ മാതൃക വൈപ്പിനിലും അവലംബിക്കണമെന്ന്  എം എൽ എ പറഞ്ഞു.

 കടമക്കുടി ഗ്രാമപഞ്ചായത്തിലെ വില്ലേജ് ഓഫീസ് നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ എം എൽ എയെ അറിയിച്ചു.  പ്രകൃതി ക്ഷോഭത്തിൽ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായവർക്ക് ഉചിതമായ പരിഹാരം നൽകണമെന്നും പള്ളി പ്പുറത്തെ സൈക്ലോൺ ഷെൽട്ടർ റവന്യൂ വകുപ്പിന് വരുമാനം ലഭിക്കുന്ന വിധത്തിൽ വിനിയോഗിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.  
അസംബ്ലിയിൽ റവന്യൂ സെക്രട്ടറി അബ്ദുൾ നാസർ, ജില്ല കളക്ടർ എൻ എസ് കെ , എഡിഎം എസ് ഷാജഹാൻ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date