Skip to main content

അഴീക്കലിൽ ചരക്ക് നീക്കം പുനരാരംഭിക്കും; കൂർഗിലെ വ്യാപാരികളുമായി ഉടൻ ചർച്ച

അഴീക്കൽ തുറമുഖത്ത് നിന്നും സ്ഥിരമായുള്ള ചരക്ക് നീക്കം സാധ്യമാക്കാൻ ശ്രമം തുടങ്ങിയതായി കെ വി സുമേഷ് എം എൽ എ പറഞ്ഞു. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ കപ്പൽ വാടകക്കെടുത്ത് സർവ്വീസ് നടത്താനാണ് ആലോചന. കൂടുതൽ ചരക്ക് ലഭ്യമാക്കാൻ തുറമുഖ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കൂർഗിലെ കാപ്പി കയറ്റുമതി ചെയ്യുന്ന വ്യാപാരികളുമായി ചർച്ച നടത്തും.
നേരത്തെ എട്ട് മാസത്തോളം അഴീക്കലിൽ നിന്നും ചരക്ക് കപ്പൽ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ സ്ഥിരം സർവ്വീസ് ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചു. കൃത്യമായി ഷെഡ്യൂൾ ചെയ്ത് യാത്ര നടത്താനാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി തുറമുഖ കപ്പൽ വാടകക്കെടുത്ത് സർവ്വീസ് നടത്താൻ ഒരുങ്ങുന്നത്. മാസംതോറും 280 ഓളം കണ്ടെയ്നറുകൾ ജില്ലയിൽ നിന്നും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് കണക്ക്. ആഴ്ച്ചയിൽ ഒരു തവണ നടത്തുന്ന യാത്രയിൽ 30 കണ്ടെയ്നറുകൾ കുറഞ്ഞത് ലഭിച്ചാൽ ലാഭകരമാകും. ജില്ലയിൽ വ്യാപാരി, വ്യാവസായികൾ സഹകരിച്ചാൽ ഇത് സാധ്യമാകും. ടൈൽസ് ഉൾപ്പെടെ കൊച്ചിയിൽ നിന്നും കണ്ണൂരിലേക്ക് റോഡ് മാർഗമാണ് എത്തിക്കുന്നത്. നേരത്തെ അഴീക്കലിലേക്ക് കപ്പൽ സർവ്വീസ് നടത്തിയപ്പോൾ ജില്ലയിലെ വ്യാപാരികൾക്ക് 50 ശതമാനത്തോളം ലാഭം ചരക്ക് നീക്കത്തിൽ ലഭിച്ചിരുന്നു. കൂർഗിലെ കാപ്പി വ്യാവസായികൾ ഉൾപ്പെട മംഗലാപുരം വഴിയാണ് ചരക്ക് നീക്കം നടത്തുന്നത്. അടുത്ത മാസം തുറമുഖ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇവരുമായി ചർച്ച നടത്തും. മംഗലാപുരം വഴി കൊണ്ടുപോകുന്ന ചരക്കിന്റെ ഒരു ഭാഗമെങ്കിലും അഴീക്കൽ വഴി എത്തിക്കാനുള്ള ശ്രമമാണ് നടത്തുക. മംഗലാപുരത്തേക്കാൾ ദൂരം കുറവായതിനാൽ കൂർഗിലെ വ്യാപാരികൾക്ക് ഇത് ലാഭകരമായിരിക്കും.
അഴീക്കൽ അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിന്റെ നിർമ്മാണം അടുത്തവർഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു. 3698 കോടി രൂപ ചെലവിൽ മൂന്ന് ഘട്ടമായാണ് നിർമ്മാണം നടത്തുക. തുറമുഖ നിർമ്മാണത്തിന് അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കർ സ്ഥലവും മാട്ടൂൽ പഞ്ചായത്തിലെ 60.9 ഏക്കർ സ്ഥലവും സർവ്വേ ചെയ്ത് അതിർത്തി നിർണയിച്ചിരുന്നു. മദ്രാസ് ഐ ഐ ടി സംഘം സ്ഥലത്തെത്തി പരിശോധനയും നടത്തി. ഇവിടുത്തെ മണ്ണിന്റെ ഘടനക്ക് ഏത് തരത്തിലുള്ള നിർമ്മാണ രീതിയാണ് ഗുണകരമെന്ന്  ഐ ഐ ടി സംഘം അറിയിച്ചാൽ ഉടൻ പ്രവൃത്തി തുടങ്ങും. അഴീക്കൽ തുറമുഖത്ത് നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് ഗ്രീൻഫീൽഡ് തുറമുഖത്തിന്റെ സ്ഥാനം. കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പിനോട് ചേർന്നാണിത്. പ്രകൃതിദത്തമായി ഏഴ് മുതൽ 12 മീറ്റർ വരെ ആഴമുള്ള ഭാഗമാണിത്. അതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തന്നെ വലിയ കപ്പലുകൾക്ക് ഇവിടെ അടുക്കാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.
 

date