Skip to main content

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ: 3000 'സ്‌നേഹാരാമങ്ങൾ' ഒരുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾ 'സ്‌നേഹാരാമങ്ങൾഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ 3000 കേന്ദ്രങ്ങളിൽ സ്‌നേഹാരാമങ്ങൾ ഒരുക്കും. 3500 എൻ.എസ്.എസ് യൂണിറ്റുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കലാലയങ്ങളിലെ മറ്റ് വിദ്യാർഥി കൂട്ടായ്മകൾത്രിതല പഞ്ചായത്ത് സമിതികൾകൂട്ടായ്മകൾ എന്നിവയുടെ ബഹുജന സഹകരണത്തോടെയാണ് സ്നേഹാരാമം പദ്ധതി പൂർത്തീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

ഓരോ എൻ.എസ്.എസ് യൂണിറ്റും പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്കു ഉപയോഗപ്രദമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ 2024 ജനുവരി ഒന്നിന് അവസാനിക്കും.

മാലിന്യം വലിച്ചെറിയലിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ എൻ.എസ്.എസ് വോളന്റിയർമാരുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളെ മാതൃകാ ഹരിതസ്ഥാപനങ്ങളാക്കി മാറ്റും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാനുള്ള നൈപുണ്യം വളർത്തലും പദ്ധതിയുടെ ഭാഗമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചായിരിക്കും പ്രദേശം തീരുമാനിക്കുന്നത്. പച്ചത്തുരുത്ത്ചുമർചിത്രംവെർട്ടിക്കൽ ഗാർഡൻപാർക്ക്വിശ്രമ സംവിധാനംഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളന്റിയർമാരുടെ സർഗ്ഗാത്മകത വ്യക്തമാക്കുന്ന തരത്തിലായിരിക്കും പ്രദേശം സ്‌നേഹാരാമമായി മാറ്റിയെടുക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സെപ്റ്റംബർ ആദ്യആഴ്ചക്ക് മുൻപ് തന്നെ പ്രദേശം കണ്ടെത്തും. കണ്ടെത്തുന്ന സ്ഥലത്തിന് സ്‌നേഹാരാമം എന്ന പേര് നൽകും. ഡിസംബറിൽ എൻ എസ് എസ് യൂണിറ്റുകൾ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പുകൾ കഴിയുമ്പോഴേക്കും പ്രദേശത്തെ സൗന്ദര്യവത്കരണം പൂർത്തിയാകും. ജനുവരി ഒന്നോടു കൂടി കേരളത്തിലെ എല്ലാ പ്രദേശങ്ങളും ഒരേ സമയത്ത് ഉദ്ഘാടനം ചെയ്യുന്ന വിധത്തിൽ മെഗാ ഈവന്റ് വോളന്റിയർമാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കും - മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്3657/2023

 

date