Skip to main content

സമ്പൂര്‍ണ്ണ ശുചിത്വ മഹാസംഗമവുമായി നാദാപുരം പഞ്ചായത്ത്

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ മഹാസംഗമം സംഘടിപ്പിക്കും. 
ഒക്ടോബര്‍ 31 ന് നടത്തുന്ന ശുചിത്വ മഹാസംഗമത്തിന്റെ സംഘാടക സമിതി രൂപികരിച്ചു. പ്രസിഡന്റ് വി വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി സുബൈര്‍ അധ്യക്ഷത വഹിച്ചു.

മഹാ സംഗമത്തിനു മുന്നോടിയായി വിവിധ ശുചിത്വ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പൊതു ചടങ്ങുകള്‍ക്ക് ഹരിത ചട്ടം നിര്‍ബന്ധമാക്കാന്‍  തീരുമാനിച്ചു. ഹരിത ഓഡിറ്റ് ടീം വാര്‍ഡുകളില്‍ നിന്ന് കണ്ടെത്തിയ അപാകതകളും പരിഹരിക്കും.

5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള  എം സി എഫ് പഞ്ചായത്ത് വാടകക്ക് എടുക്കും. മുഴുവന്‍ വീടുകളിലും മലിനജല സംസ്‌കരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് വരുത്താനും തീരുമാനിച്ചു. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നതിന് പ്രത്യേക ബാഗുകള്‍ വീട്ടുകാര്‍ക്ക് നൽകും. കൂടാതെ, മുഴുവന്‍ വീടുകളിലും റിംഗ് കംപോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. അതിദരിദ്രര്‍ക്ക് ഫീ നല്‍കുവാന്‍ പഞ്ചായത്ത് ക്രമീകരണം ഒരുക്കും. ബോട്ടില്‍ ബൂത്ത് അറ്റകുറ്റപ്പണി നടത്താനും ഹരിതകര്‍മസേനക്ക് ഉപകരണങ്ങള്‍ വാങ്ങിച്ചു നൽകുവാനും  തീരുമാനിച്ചിട്ടുണ്ട്. 

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ നാസര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സമിതി ചെയര്‍പേഴ്‌സണ്‍ ജനീദ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, മെമ്പര്‍ പി പി ബാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ എ സജീവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങളുടെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഹരിത ഓഡിറ്റ് ടീം അംഗങ്ങളായ ഹരിദാസന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, കെ സി ലീനീഷ്, കില തീംമാറ്റിക്ക് എക്‌സ്‌പെര്‍ട്ട് കെ ഫാത്തിമ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

വ്യാപാരികള്‍, സ്ഥാപനമേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍,  ആശാവര്‍ക്കര്‍മാര്‍,  പോലീസ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, ഹരിത ഓഡിറ്റിംഗ് ടീം മറ്റു  വിവിധ മേഖലയിലെ ഉദ്യോഗസ്ഥര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date