Skip to main content

ദാഹം അകറ്റാൻ  വാട്ടർ എ ടി എം

ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം 

വരന്തരപ്പിള്ളിയിലും ചിമ്മിനിയിലും

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ വാട്ടർ എടിഎം ഒരുങ്ങുന്നു. വരന്തരപ്പിള്ളി സെൻറർ, ചിമ്മിനി ഡാം എന്നിവിടങ്ങളിലാണ് വാട്ടർ എ ടി എം സ്ഥാപിക്കുന്നത്. വിനോദസഞ്ചാരികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന എടിഎം ഈ മാസം പ്രവർത്തനം ആരംഭിക്കും. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയൽ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തത്.

24 മണിക്കൂറും വാട്ടർ എടിഎം  പ്രവർത്തിക്കും. ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴൽ കിണർ, ചിമ്മിനി ഡാം പരിസരത്ത്  പുതിയതായി കുഴിച്ച കുഴൽ കിണർ എന്നിവിടങ്ങളിൽ നിന്നുമാണ് എടിഎമ്മിലേക്ക് ജലം എത്തിക്കുന്നത്. ഒരു രൂപക്ക് ഒരു ലിറ്റർ തണുത്ത വെള്ളവും 5 രൂപക്ക് 5 ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് വാട്ടർ എ ടി എമ്മിനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്.

date