Skip to main content
മറ്റത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ അഭിമാന പദ്ധതിയായ എച്ച്ബി@ മറ്റത്തൂരിന് തുടക്കമായി

മറ്റത്തൂരിൽ ഇനി മാറ്റം: എച്ച്ബി@ മറ്റത്തൂരിന് തുടക്കമായി

- ഗ്രാമപഞ്ചായത്ത് തലത്തിൽ രാജ്യത്തെ ആദ്യ മുന്നേറ്റം 

- 15,000 സ്ത്രീകളെ വീടുകളിൽ എത്തി പരിശോധിക്കും

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ അഭിമാന പദ്ധതിയായ എച്ച്ബി@ മറ്റത്തൂരിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 15നും 60നും ഇടയിൽ പ്രായമുള്ള 
മുഴുവൻ സ്ത്രീകളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്  പന്ത്രണ്ടിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എച്ച്ബി@ മറ്റത്തൂരിന്റെ ആദ്യഘട്ടമായ സ്ക്രീനിങ്  പരിപാടിയുടെ
ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

സ്ത്രീകളിൽ കണ്ടുവരുന്ന വിളർച്ച (അനീമിയ) കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ അവലംബിക്കാനാണ് ഉദ്ദേശിക്കുന്നത്.  ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

വിവരശേഖരണം, സ്ക്രീനിംഗ്, പ്രചരണം, സ്ക്വാഡ് പ്രവർത്തനം, പ്രതിരോധ പ്രവർത്തനം, ചികിത്സ, തുടർപ്രവർത്തനങ്ങൾ, മോണിറ്ററിംഗ് എന്നീ പ്രക്രിയകളിലൂടെയാകും പദ്ധതി പൂർത്തീകരിക്കുക. പഞ്ചായത്തിലെ 15,000 സ്ത്രീകളെ അവരുടെ വീടുകളിലെത്തി ഹീമോഗ്ലോബിനോമീറ്റർ ഉപയോഗിച്ച് രക്തപരിശോധന നടത്തും. തുടർന്ന് മൂന്ന് വിഭാഗമായി തിരിച്ച്  50 വീടുകൾക്ക് ഒരു ക്ലസ്റ്റർ വീതം രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വിളർച്ചരഹിത പഞ്ചായത്താക്കി മാറ്റുകയാണ്  ലക്ഷ്യം. 

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ സുധീഷ് സ്വാഗതം ആശംസിച്ചു. മറ്റത്തൂർ സി.എച്ച്. സി സിഎംഒ ഡോ. അല്ലി പ്ലാക്കൽ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിജിൽ വിഎസ്, വാർഡ് മെമ്പർ ശ്രീബ ശ്രീധരൻ, ആശാവർക്കർമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date