Skip to main content

കനൽ ബാൻഡിൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ ഇളകി മറിഞ്ഞ് മലയോരം

 

അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയത്ത്  നടന്ന സാംസ്കാരിക സദസ്സിൽ സംഘടിപ്പിച്ച കനൽ ബാൻഡിൻ്റെ നാടൻ പാട്ട് ആഘോഷമാക്കി മലയോരം. 
അന്തരിച്ച കാരികേച്ചറിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി പടുത്തുയർത്തിയ കനൽ ബാന്റ് സംഗീത ഉപകരണങ്ങളും നാടൻപാട്ടും കൂട്ടി കലർത്തി നാടൻ തനിമ ചോരാതെ പാട്ടുകൾ അവതരിപ്പിച്ചപ്പോൾ സദസ്സും ഒപ്പം ആടിതിമിർത്തു.

ആദ്യാവസാനം വരെ ഒരേ ആവേശത്തിൽ കനൽ പാടി തകർത്തപ്പോൾ പ്രായഭേദമെന്യേ കാണികൾ കരഘോഷം മുഴക്കി. ആദർശ് ചിറ്റാർ, ഉൻമേഷ് പൂങ്കാവ്, സുജിത്ത് ഓതറ, അരുൺ കൊടകര, ശങ്കർ ഇടുക്കി, അഞ്ചന എന്നിവരായിരുന്നു ഗായകർ. രജനീഷ് പന്തളം, രഞ്ചു കോന്നി, ആൽവിൻ. ഡി. മോസസ്, ക്ലിന്റ് രാജ് എന്നിവരാണ് കൊട്ടുകാർ. സൗണ്ട് എഞ്ചിനീയർ അഖിൽ തരംഗിണി, ലൈറ്റ് എഞ്ചിനിയർ മണിക്കുട്ടൻ തുടങ്ങിയർ കൂടി ചേർന്നപ്പോൾ സാംസ്കാരിക സദസ്സ് മികവുറ്റതായി. ഇന്ത്യയിലെ ആദ്യത്തെ ഫോക് മ്യൂസിക്ക് ബാന്റ് എന്ന പ്രത്യേകതയും കനൽ ബാന്റിന് സ്വന്തമാണ്. 

സാംസ്കാരിക സദസ്സ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, ഡി ടി പി സി സെക്രട്ടറി നിഖിൽ ടി ദാസ് തുടങ്ങിയവർ സംസാരിച്ചു.

date