Skip to main content

ചേളന്നൂരിൽ ക്യൂ ആർ കോഡ് പതിക്കൽ പൂർത്തീകരണ പ്രഖ്യാപനം നടത്തി

 

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത ഗ്രാമസഭ ഉദ്ഘാടനവും ക്യൂ ആർ കോഡ് പതിക്കൽ പൂർത്തീകരണ പ്രഖ്യാപനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഏറ്റെടുത്ത ചുമതല ഭംഗിയായി നിർവഹിക്കുന്നവരാണ് ഹരിതകർമ്മ സേന അംഗങ്ങളെന്നും ഇവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു.

ഹരിതകർമ്മ സേന അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന് ക്യു ആര്‍ കോഡ് പതിക്കുന്ന പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചത്. ഹരിതകർമ്മ സേനാംഗങ്ങൾ ഓരോ വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങൾ തത്സമയം ക്യൂ ആർ കോഡ് വഴി രേഖപ്പെടുത്തും. 

ശുചിത്വമിഷൻ കോർഡിനേറ്റർ എം ഗൗതമൻ ഹരിതകർമ്മ സേന മാലിന്യ ശേഖരണ കലണ്ടർ പ്രകാശനം ചെയ്തു. ജനകീയ ഓഡിറ്റ് സമിതി അംഗം കെ എൻ എ വേണുഗോപാലൻ മാസ്റ്റർ ജനകീയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പണം നടത്തി. കെൽട്രോൺ പ്രതിനിധി വി വിജിത്ത് ഹരിതമിത്രം ആപ്പ് വിശദീകരണം നടത്തി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി സുരേഷ് കുമാർ, സി പി നൗഷീർ, പി കെ കവിത, ഗ്രാമപഞ്ചായത്ത് അംഗം എൻ രമേശൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് സ്വാഗതവും സെക്രട്ടറി കെ മനോജ് കുമാർ നന്ദിയും പറഞ്ഞു

date