Skip to main content

ഫൈനലിന്റെ ആവേശപ്പെരുമ ഉണര്‍ത്തി നെഹ്റു ട്രോഫി വള്ളംകളി കമന്ററി മത്സരം

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ഫൈനല്‍ മത്സരങ്ങളുടെ ആവേശം ഒട്ടും ചോര്‍ന്നു പോകാതെ കമന്ററി അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയോടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കമന്ററി മത്സരത്തി്‌ലാണ് ഫൈനല്‍ ആവേശം മുഴങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ദൃശ്യചാരുതയ്‌ക്കൊപ്പം നെഹ്‌റു ട്രോഫിയുടെ ചരിത്രം കൂടി അവതരിപ്പിച്ച് മത്സരാര്‍ഥികള്‍ മുന്നേറി. ജില്ല പഞ്ചായത്ത് മിനി ഹാളില്‍ നടന്ന മത്സരം ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും പബ്ലിസിറ്റി കമ്മിറ്റി അംഗവുമായ നസീര്‍ പുന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ
കെ. നാസര്‍, രമേശന്‍ ചെമ്മാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. 

എച്ച്. എസ് വിഭാഗത്തില്‍ അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷാഹിം മഹ്‌മൂദ് ഒന്നാം സ്ഥാനവും കുട്ടമംഗലം എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദിത്യന്‍ പ്രദീഷ് രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടത്വ ലൂര്‍ദ് മാതാ സ്‌കൂളിലെ ഷേബ മരിയ ജോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊഫ. ചെറിയാന്‍ അലക്സാണ്ടര്‍, ഷാജി ചേരമണ്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി.

date