Skip to main content
വേലുത്തമ്പി ദളവാ സ്മാരക അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിര്‍മാണ ഉദ്ഘാടനം

മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ പ്രവര്‍ത്തികള്‍  ഉടന്‍ ആരംഭിക്കും : മന്ത്രി  അഹമ്മദ് ദേവര്‍കോവില്‍

 

പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന്  പുരാവസ്തു  മ്യൂസിയം  തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍  2023-24 അടൂര്‍ മണ്ഡലതല ബജറ്റ് നിര്‍ദ്ദേശ പദ്ധതിയിലൂടെ 3.5 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന മണ്ണടി വേലുത്തമ്പിദളവ സ്മാരകം അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി.
പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. കേരളത്തെ  വൈജ്ഞാനിക സമൂഹമാക്കി പരിവര്‍ത്തിക്കുന്നതിനും  ഒരു വൈഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്  സര്‍ക്കാര്‍. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഉണ്ട്. കേരളത്തിലെ ഇതര പഠന ഗവേഷണ സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രവും പൈതൃകങ്ങളെയും വിഭവങ്ങളെയും കുറച്ചു പഠിക്കണമെങ്കില്‍ വിവിധ മേഖലകളിലെ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും നമ്മുടെ പ്രദേശങ്ങളിലേക്ക് കടന്നു വരേണ്ടതുണ്ട്. അവര്‍ക്ക് താമസിക്കുന്നതിനും പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിനുള്ള  സൗകര്യങ്ങള്‍ ഒരുക്കണം.
അത്തരത്തിലുള്ള  പാഠങ്ങളില്‍ നിന്നും ഉണ്ടാകുന്ന അറിവുകളാണ് നാളെത്തെ സമൂഹത്തിന്റെ അതിജീവനത്തിന് മുതല്‍ക്കൂട്ട് ആവുക. സ്വതന്ത്രമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.
പഠന ഗവേഷണ കേന്ദ്രം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍്  മ്യൂസിയം നവീകരണവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
         മണ്ണടി സ്മാരകത്തില്‍ എംഎല്‍എ ആസ്തി വികസന ഫണ്ട്  75 ലക്ഷം രൂപ  ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി കെട്ടിടം നിര്‍മാണം പൂര്‍ത്തിയായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. .ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനായി 20 ലക്ഷം രൂപ ബജറ്റില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥശാല  ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
 രണ്ട് നിലകളുള്ള  പഠന കേന്ദ്രത്തില്‍  400 പേര്‍ക്ക് ഇരിപ്പിടം ഒരുക്കുന്ന ഒരു ഇന്‍ഡോര്‍ ഹാളും, എട്ടു മുറികളും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കിയാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്താരാഷ്ട്ര പഠന കേന്ദ്രത്തിനു ഒരു പ്രത്യേക ചുമതലക്കാരനെയും, ഗവേഷണ  വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ഗൈഡ്‌ലൈന്‍സ് നല്‍കുന്നതിനായി ഒരു ഗൈഡിനെയും നിയോഗിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
ചരിത്രത്തെ സജീവമായ ഒരു ചര്‍ച്ചയായി ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കാനുള്ള  യജ്ഞമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരകം അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നിര്‍മാണത്തിലൂടെ നടക്കുന്നതെന്ന് ആശംസ അര്‍പ്പിച്ച് സംസാരിച്ച ആന്റോ ആന്റണി എംപി  പറഞ്ഞു.
കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ ഷാനവാസ്, എസ്.സിന്ധു, പ്രസന്നകുമാരി, വി.എല്‍ വിഷ്ണു, ആര്‍ക്കിയോളജി ഡയറക്ടര്‍ ഇ. ദിനേശന്‍, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്റ്റ് മാനേജര്‍ എസ് സനല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ സുലൈമാന്‍ (ഐഎന്‍എല്‍), അഡ്വ. എസ് മനോജ്, അരുണ്‍ കെഎസ് മണ്ണടി, കെ.ആര്‍ ചന്ദ്രമോഹന്‍ (കേരള കോണ്‍ഗ്രസ് ബി ), ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date