Skip to main content

പട്ടികജാതി പട്ടികവർഗ്ഗ സങ്കേതങ്ങളിലെ തുടർവിദ്യാഭ്യാസത്തിന് 'മുന്നേറ്റം' * ആദ്യഘട്ടം 25 പട്ടികവർഗ്ഗ സാങ്കേതങ്ങളിൽ പദ്ധതി നടപ്പിലാക്കും

പട്ടികജാതി പട്ടികവർഗ്ഗ സങ്കേതങ്ങളിലെ പഠനം മുടങ്ങിയ കുട്ടികളുടെ തുടർവിദ്യാഭ്യാസം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'മുന്നേറ്റം' പദ്ധതി സെപ്റ്റംബർ മാസത്തോടെ ആരംഭിക്കും.  പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി തുടർ വിദ്യാഭ്യാസം നല്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷൻ,പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ, മഹിളാ സമഖ്യ സൊസൈറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിൽ  ഇടുക്കി ജില്ലയിലെ 25 പട്ടികവർഗ സാങ്കേതങ്ങളിലാണ് പദ്ധതി നടപ്പാക്കുക . . അടിമാലി ഗ്രാമപഞ്ചായത്തിലെ ചുരക്കട്ടൻ, തുമ്പിപ്പാറ, കട്ടമുടി, കുറത്തിക്കുടി, പടിക്കപ്പ്, തല നിരപ്പൻ, കുളമാംകുഴി, തട്ടേക്കണ്ണൻ, പട്ടയിടമ്പ്, പ്ലാമല, ഞാവൽപ്പാറ, ചിന്നപ്പാറ, കൊടകല്ല്, മൂന്നാർ പഞ്ചായത്തിലെ ലക്കം, ദേവികുളം പഞ്ചായത്തിലെ കുണ്ടള, മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, വേലിയാംപാറ, കമ്പനിക്കുടി, പള്ളിവാസൽ പഞ്ചായത്തിലെ വെങ്കായപ്പാറ, മറയൂർ പഞ്ചായത്തിലെ തീർത്ഥമല,ആലാംപെട്ടി, നെല്ലിപ്പെട്ടി, കരിമുട്ടി, കാന്തല്ലൂർ പഞ്ചായത്തിലെ ചമ്പക്കാട്, ദണ്ഡുകൊമ്പ് എന്നീ പ്രദേശങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെയുള്ള കുടികളിൽ നിന്ന് നിരക്ഷരരെ കണ്ടെത്തി മുന്നേറ്റം പദ്ധതിയിലൂടെ അവരെ സാക്ഷരരാക്കും. ആഗസ്റ്റ് 31 നകം പഠിതാക്കളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കും. സെപ്റ്റംബറോടെ ക്ലാസുകൾ ആരംഭിക്കുന്നതാണ്.

പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ നാലാംതരത്തിലേക്കും തുടർന്ന് ഏഴാം തരം, പത്താംതരം, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിലും ചേർത്ത് തുടർവിദ്യാഭ്യാസം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം പട്ടികജാതി പട്ടികവർഗ്ഗ സങ്കേതങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ,ചൂഷണം, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. വരും വർഷങ്ങളിൽ ജില്ലയിലെ കൂടുതൽ സാങ്കേതങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

ജൻ ശിക്ഷൺ സൻസ്ഥാൻ, സമഗ്ര ശിക്ഷ കേരള, ജനമൈത്രി എക്സൈസ്, വനം വകുപ്പ്, ഊരുകൂട്ടങ്ങളിലെ ഇൻസ്ട്രക്ടർമാർ, ആശാ വർക്കർമാർ, സാമൂഹ്യപഠന മുറികളിലെ അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ, എസ് സി, എസ്ടി പ്രമോട്ടർമാർ, കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
 

date